കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗണ്യമായ തോതില്‍ വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,588 വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയതായി മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു.

ജനുവരി 24 ന് 3,627 വര്‍ക്ക് പെര്‍മിറ്റുകള്‍ റദാക്കിയപ്പോള്‍ ജനുവരി 27 ന് 5,215 ആയി വര്‍ധിച്ചതായും മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും വിദേശികള്‍ കൂട്ടത്തോടെ സ്ഥിര താമസത്തിന് സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകുന്നതുമാണ് പ്രധാന കാരണമായി അതോറിറ്റി ചൂണ്ടി കാണിക്കുന്നത്.

കൂടാതെ ആയിരക്കണക്കിന് വിദേശികള്‍ സ്വന്തം രാജ്യങ്ങളില്‍ അവധിക്ക് പോവുകയും കോവിഡ് പ്രതിസന്ധിയെ തുടുര്‍ന്ന് മടങ്ങി വരാന്‍ കഴിയാതെ തക്ക സമയത്ത് താമസ രേഖ പുതുക്കാനാവാതെ കുടുങ്ങിയതും വര്‍ക് പെര്‍മിറ്റുകള്‍ റദാക്കുന്നതിന് ഇടയാക്കി.

കൂടാതെ രാജ്യത്ത് നിലവിലുള്ള സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായി ജനസംഖ്യയില്‍ മഹാഭൂരിപക്ഷമായി തുടരുന്ന വിദേശ ജനസംഖ്യ 70 ശതമാനം വെട്ടിക്കുറച്ച് 30 ശതമാനമായി നിലനിര്‍ത്തുന്നതിനുള്ള കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങള്‍ പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചക്ക് ഇടയാക്കിയതും വിദേശികളെ ആശങ്കയിലാക്കിയിരിക്കയാണ്.