കുവൈത്ത് സിറ്റി:. കുവൈത്തില്‍ മന്ത്രിസഭ രാജി വച്ചു. കേവലം ഒരു മാസം ദൈര്‍ഘ്യമുള്ള പുതിയ മന്ത്രിസഭയാണ് രാഷ്രീയ അനിശ്ചിതത്വവും ഭിന്നതയും മൂലം രാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് ബയാന്‍ കൊട്ടാരത്തിലെത്തി കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് മന്ത്രി സബയുടെ രാജി സമര്‍പ്പിച്ചു.
സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് 65 അംഗ പാര്‍ലമെന്റില്‍ 38 അംഗങ്ങളുടെ പിന്തുണയോടെ പ്രധാനമന്ത്രിക്കെതിരെ കുറ്റ വിചാരണ പ്രമേയം കൊണ്ടു വന്നിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ ചേര്‍ന്ന അടിയന്തിര ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി മുഴുവന്‍ മന്ത്രിമാരോടും രാജി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പ്രധാനമന്ത്രി അമീറിനെ സന്ദര്‍ശിച്ചു മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം 65 അംഗ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള സാഹചര്യത്തില്‍ ഇനിയും പാര്‍ലമെന്റില്‍ കുറ്റവിചാരണകള്‍ ആവര്‍ത്തിക്കുമെന്നും, ഇതോടെ സര്‍ക്കാറും പാര്‍ലമെന്റും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.