കുവൈറ്റ് സിറ്റി: കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വർഷവും നൽകിവരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണത്തിന്റെയും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലായി നൽകുന്ന 53 വീൽചെയർ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കല ട്രസ്റ്റ് ചെയർമാനുമായ എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. സിപിഎം തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ചാണ് ചടങ്ങ് നടന്നത്.
കേരളത്തിലെ 14 ജില്ലകളിൽനിന്നും എസ്എസ്എൽസി പരീക്ഷയിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഉയർന്ന മാർക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ എൻഡോവ്മെന്റ് നൽകുന്നത്. ഇമെയിലിലൂടെയും, തപാൽ വഴിയുള്ള അപേക്ഷയിലൂടെയുമാണ് എൻഡോവ്മെന്റിന് അർഹരായവരെ കണ്ടെത്തിയത്.
കല കുവൈറ്റിന്റെ നാല്പത്തിരണ്ടാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലകളിലായി 53 വീൽ ചെയറുകൾ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും ജില്ലയിലെ 5 വീൽചെയറുകളുടെയും വിതരണമാണ് ചടങ്ങിൽ നടന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പുലാമന്തോൾ ഗ്രാമ പഞ്ചായത്തിലെ വാർഡ് 6-ൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ പനങ്ങാടിനേയും തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 15ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച കല കുവൈറ്റ് മുൻ അബ്ബാസിയ മേഖല സെക്രട്ടറി പ്രിൻസ്റ്റൻ ഡിക്രൂസിനേയും ചടങ്ങിൽ വെച്ച് സ്വീകരണം നൽകി.
കല ട്രസ്റ്റ് ബോർഡ് ഡയറക്ടർ മെമ്പർ പി.വി. മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ പനങ്ങാട് സ്വാഗതം പറഞ്ഞു. സി. ലെനിൻ, പ്രവാസി ക്ഷേമനിധി ബോർഡ് മെമ്പർ സജീവൻ തൈക്കാട്, കേരള പ്രവാസി സംഘം ജില്ലാ ട്രഷറാർ പ്രതാപ് കുമാർ, കല കുവൈറ്റ് പ്രവർത്തകരായ ജെ.ആൽബർട്ട്, നെൽസൺ റോയ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് കല കുവൈറ്റ് മുൻ അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൻ നന്ദി പറഞ്ഞു.