കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും കൊറോണ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് എത്രയും വേഗം എത്തിക്കുന്നതിന് സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി കൂടുതല്‍ പേരില്‍ സൗകര്യപ്രദമായി വാക്സിനേഷന്‍ എത്തിക്കുന്നതിന് രാജ്യത്ത് 20 മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു.
കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും താമസസ്ഥലങ്ങളിലെത്തി കുത്തിവെപ്പെടുക്കുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.
മിഷ്‌രിഫിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകാന്‍ കഴിയാത്തവിധം രോഗാവസ്ഥയുള്ളവര്‍ക്കും മൊബൈല്‍ യൂണിറ്റിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ഇതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ച് അവശരായവരുടെയും രോഗികളുടെയും കണക്കെടുക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പൊതുജന സമ്പര്‍ക്ക വിഭാഗം മേധാവി ഡോ.ഇബ്രാഹിം അറിയിച്ചു.
മുഴുവന്‍ രാജ്യനിവാസികള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത് രാജ്യത്തുനിന്ന് മഹാമാരിയെ തുടച്ചു നീക്കുക എന്നതാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം.
നിലവില്‍ മിഷ്‌രിഫ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ ഹാള്‍ അഞ്ചിലാണ് കുത്തിവെപ്പ് നടക്കുന്നത്.
അടുത്തയാഴ്ചയോടെ ജഹ്‌റ, അഹ്മദി എന്നിവിടങ്ങളില്‍ കൂടി മൊബൈല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും,
പ്രതിദിനം 10,000 പേര്‍ക്ക് കുത്തിവെപ്പെടുക്കാനുമാണ് സര്‍ക്കാര്‍ നീക്കം.