കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ ആശ്രിത വിസയിലുള്ളവര്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രം വിസ പുതുക്കി നല്‍കുന്നതിന് ആലോചിക്കുന്നു. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ കാലങ്ങളില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ വിസ കാലാവധി നല്‍കിയിരുന്നത് നിര്‍ത്തലാക്കുന്നതിനും ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്.
നിയമ ഭേദഗതി സ്വദേശിയുടെ വിദേശികളായ ഭാര്യമാര്‍ക്കും അവരുടെ മക്കള്‍ക്കും, വിദേശികളുടെ ഭാര്യക്കും കുട്ടികള്‍ക്കും ബാധകമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിസ കാലാവധി ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്ക് പുതുക്കുകയും കുവൈത്തിലേക്ക് വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം. കോവിഡ് പശ്ചാത്തലത്തില്‍ ആറു മാസത്തിലധികം രാജ്യത്തിനു പുറത്താണെങ്കിലും താമസ രേഖ റദ്ദാവുന്നതല്ല.