കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ടു പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍നിന്നും അഞ്ചു മാസത്തിനുള്ളില്‍ 80,000 ഗാര്‍ഹിക തൊഴിലാളികളെ മടക്കി കൊണ്ടു വരുന്നു. പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയത്.
ഇതനുസരിച്ചു നേരിട്ടു പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ നിന്നും പ്രതിദിനം 600 തൊഴിലാളികളെ വീതം കുവൈത്തില്‍ എത്തിക്കുന്നതിനാണ് പദ്ധതി. കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു ആരോഗ്യ മന്ത്രാലയവും മറ്റു ബന്ധപ്പെട്ട വകുപ്പുകളുടെയും സഹകരണത്തോടെ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും മന്ത്രസഭ ആവശ്യപ്പെട്ടു.
കര്‍ശനമായ ആരോഗ്യ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഗാര്‍ഹിക തൊഴിലാളികളെ മടക്കി കൊണ്ടു വരുന്നതിനാണ് സര്‍ക്കാര്‍ തീരുമാനമെന്നും സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മെസ്രേം അറിയിച്ചു.
അതേസമയം കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു ആരോഗ്യ മന്ത്രാലയത്തിന്റെയും കുവൈത്ത് ഏവിയേഷന്‍ മേധാവി ഷേയ്ഖ് സല്‍മാന്‍ സബാഹ് അല്‍ സലേം അല്‍ സബാഹിന്റെയും നിര്‍ദേശമനുസരിച്ച് രണ്ടു ഘട്ടങ്ങളിലായാണ് ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ പദ്ധതി എന്നും വക്താവ് വ്യക്തമാക്കി.