കുവൈത്ത് സിറ്റി: കുവൈത്തില്‍ 2019 ആരംഭം മുതല്‍ ഇത് വരെയായി 42 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തതായി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ സൂചിപ്പിക്കുന്നു.
ഈ കാലയളവില്‍ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 80 ആത്മഹത്യാ കേസുകളാണ്. ഇവരില്‍ 70 പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമാണ്. ഈ വര്‍ഷം ആത്മഹത്യ ചെയ്ത 80 പേരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ 5 സ്വദേശികളും 5 നേപ്പാളികളും 7 ബംഗ്ലാദേശികളും 4 ഫിലിപ്പീനികളും 4 സിറിയക്കാരുമാണ്.
ആത്മഹത്യ ചെയ്തവരില്‍ 70 ശതമാനത്തില്‍ അധികം പേരും 19 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്നും സ്ഥിതി വിവരകണക്കില്‍ സൂചിപ്പിക്കുന്നു.
സമീപകാലത്ത് രാജ്യത്ത് നടന്ന ആത്മഹത്യകള്‍, ജനസംഖ്യാ പരമായി താരതമ്യം ചെയ്യുമ്പോള്‍, ആത്മഹത്യ കൂടുതല്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തും ഇടം പിടിച്ചതായി കണക്കില്‍ വ്യക്തമാക്കുന്നു.
ആത്മഹത്യ ഒരു പരിഹരിക്കാനാവാത്ത പ്രശ്‌നമായാണ് ആഭ്യന്തര മന്ത്രാലയം കരുതുന്നത്. എന്നാല്‍ ഈ പ്രതിഭാസത്തെ നിരീക്ഷിക്കാനും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും മന്ത്രാലയം ശ്രമിച്ചു വരികയാണ്. ചില ആത്മഹത്യകള്‍ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
അന്വേഷണങ്ങളിലൂടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ തുടക്കത്തില്‍ ആത്മഹത്യ ആണെന്ന് പ്രഖ്യാപിച്ച ചില കേസുകള്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതായും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.