കുവൈത്ത് സിറ്റി: നിലവില്‍ ജോലിയില്‍ തുടരുന്ന 4809 വിദേശി എഞ്ചിനീയര്‍മാരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാവില്ല എന്ന് മാനവവിഭവശേഷി മന്ത്രാലയം. എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈത്ത് എഞ്ചിനീയേര്‍സ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കാത്തതാണ് കാരണം.
1591 പേരുടെ കാര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന സമിതിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
പുതിയതായി രാജ്യത്ത് എത്തുന്ന എഞ്ചിനീയര്‍മാരുടെയും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കുവൈത്ത് എഞ്ചിനീയര്‍സ് സൊസൈറ്റി പരിശോധിച്ചു അംഗീകാരം ലഭിക്കാതെ താമസ രേഖ പുതിയതായി അനുവദിക്കുകയോ, പുതുക്കി നല്‍കുകയോ ചെയ്യുന്നതല്ല എന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള 2000 ത്തിലേറെ എഞ്ചിനീയര്‍മാര്‍ ദീര്‍ഘകാലമായി പ്രതിസന്ധി നേരിടുകയാണ്. ഇവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈത്ത് എഞ്ചിനീയേര്‍സ് സൊസൈറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
ഇന്ത്യയില്‍ നിന്നുള്ള 19 എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് മാത്രമേ കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ അംഗീകാരമുള്ളതെന്ന് സൊസൈറ്റി മേധാവി ഫൈസല്‍ ദുവേയ് അല്‍ അത്താല്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതോടൊപ്പം സൊസൈറ്റിയുടെ അംഗീകാരം ഇല്ലാത്ത യൂണിവേര്സിറ്റിയില് നിന്നുള്ള എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ വിസ നല്‍കുകയോ പുതുക്കുകയോ ചെയ്യരുതെന്നുമാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റ നിര്‍ദേശം.
അതേസമയം പതിനൊന്നായിരത്തില്‍ അധികം എഞ്ചിനീയറിംഗ് കോളേജുകളുള്ള ഇന്ത്യയില്‍, പത്തൊമ്പത് കോളേജുകള്‍ക്ക് മാത്രമാണ് കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ അംഗീകാരമുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള മിക്ക എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമ തലത്തില്‍ മാത്രം യോഗ്യത ഉള്ളതാണെന്നും, ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി എണ്ണ മേഖലയില്‍ അടക്കം നിരവധി പേര് എഞ്ചിനീയര്‍മാരായി ജോലി ചെയ്തു വരുന്നുണ്ട് എന്നും ഇത് കുവൈത്തിലെ തൊഴില്‍ വിപണിയുടെ ഗുണമേന്മയെ സാരമായി ബാധിക്കുന്നുവെന്നുമാണ് സൊസൈറ്റി പ്രസിഡന്റ് ഫൈസല്‍ അല്‍ ദുവെയ് അല്‍ അത്താല്‍ വ്യക്തമാക്കുന്നത്.
കൂടാതെ എഞ്ചിനീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കുന്നതിനു സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ അംഗീകാരം നിര്‍ബന്ധമാക്കി കൊണ്ട് നേരത്തെ തൊഴില്‍ മാനവ വിഭവ ശേഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് കാരണം മലയാളികള്‍ അടക്കം നിരവധി പേര് വിസ പുതുക്കുവാന്‍ സാധിക്കാതെ പ്രയാസത്തിലാണ്.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എംബസിയും നിരന്തരമായി ഇടപെട്ട് വരികയുമാണ്. ഇതിനിടയിലാണ് കുവൈത്ത് എഞ്ചിനീയേര്‍സ് സൊസൈറ്റിയും, മാനവ വിഭവ ശേഷി മന്ത്രാലയവും നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.