കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ കുവൈത്ത് ജനതയെ അധിക്ഷേപിച്ച ഏഷ്യക്കാരനെയും മറ്റു നാലു പേരെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
കുവൈത്തിനെയും കുവൈത്ത് ജനതയെയും മോശമായി പരാമര്‍ശിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഹവല്ലി പൊതു സുരക്ഷാ വിഭാഗം, നുഗ്ര പ്രദേശത്ത് എത്തി ഇയാളെ അരസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളോടൊപ്പം അനധികൃതമായി കാര്‍ കഴുകുന്ന ജോലിയില്‍ ഏര്‍പ്പെട്ട മറ്റു നാലുപേരെയും പോലീസ് പിടികൂടി.
രാജ്യത്തെയും ജനതയേയും അധിക്ഷേപിച്ചതിനു ഇവരില്‍ ഒരാള്‍ക്ക് എതിരെയും, തൊഴില്‍ നിയമ ലംഘനത്തിനു മറ്റു നാലു പേര്‍ക്കെതിരെയും കേസെടുത്തതായും, ഇവരെ ഉടന്‍ നാടു കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജന സമ്പര്‍ക്ക വിഭാഗം വ്യക്തമാക്കി.