കുവൈത്ത് സിറ്റി: ഗതാഗത നിയമം കര്‍ശനമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നടപടികളാരംഭിച്ചു. ലൈസന്‍സ് കൈവശമില്ലാതെ വാഹനം ഓടിക്കുന്ന വിദേശികളെ ശിക്ഷ നടപടികള്‍ക്ക് ശേഷം നാട് കടത്തും. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല എന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജന വിഭാഗം മേധാവി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

വാഹന ഗതാഗത സുരക്ഷ ക്രമീകരണങ്ങള്‍ സുശക്തമാക്കുകയും രാജ്യത്ത് റോഡ് ഗതാഗതം മൂലം വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയമം കര്‍ശനമാക്കുന്നതിന് തീരുമാനിച്ചത്. അതേസമയം നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. വാഹനം ഓടിക്കുന്ന വിദേശികള്‍ ഗതാഗത നിയമം പാലിക്കണമെന്നും അല്ലാത്തപക്ഷം നാട് കടത്തുമെന്നും മുന്നറിയിപ്പ്. 

 നിയമ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ചു കഴിഞ്ഞ വര്‍ഷം 263 പേര്‍ വാഹന അപകടം മൂലം മരിക്കാനിടയായതായും, അപകട മരണ നിരക്ക് 2017 നേക്കാള്‍ 2028 ല്‍ വര്‍ധിച്ചതായുമാണ് കണക്ക് വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ആഭ്യന്തര മന്ത്രാലയം യാത്രക്കാരുടെ സുരക്ഷക്കായി ഗതാഗത നിയമം കര്‍ശനമായി പരിപാലിക്കുന്നതിനു ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.