കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ സുരക്ഷാ പരിശോധനയില്‍ 232 പേര്‍ പിടിയിലായി. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

കേപിറ്റല്‍ ഗവര്‍ണറേറ്റിലെ ഷര്‍ക്ഖ്, ബിന്‍ ഈദ് അല്‍ ഘാര്‍, അഹമ്മദി ഗവര്‍ണ്ണറ്റിലെ വ്യവസായ മേഖലകള്‍ മുതലായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

രണ്ടിടങ്ങളില്‍ നിന്നുമായി ആകെ 900 പേരുടെ താമസ രേഖകളാണ് പരിശോധിച്ചത്. ഇവരില്‍ 232 പേര്‍ താമസ നിയമ ലംഘനം നടത്തിയവരും, വിവിധ കേസുകളിലെ പ്രതികളുമാണ്. ഇവരെ താമസ കുടിയേറ്റ അന്വേഷണ വിഭാഗത്തിനും നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്കും കൈമാറി.

രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സുരക്ഷാ പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ്, അഹമ്മദി ഗവര്‍ണ്ണറേറ്റ് സുരക്ഷാ വിഭാഗം മേധാവി ബ്രിഗേഡിയര്‍ അലി മുഹമ്മദ് അല്‍ മറി, കേപിറ്റല്‍ ഗവര്‍ണ്ണറേറ്റ് സുരക്ഷാവിഭാഗം മേധാവി അബ്ദുല്ല ഈസ അല്‍ റജബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ പരിശോധന.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും ശക്തമായ സുരക്ഷാ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.