കുവൈത്ത് സിറ്റി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നൊരുക്കങ്ങള്‍ നടത്തി വരികയാണ്.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നീക്കങ്ങളാണു കുവൈത്ത് നടത്തുന്നത്. നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് 6 മാസക്കാലത്തേക്കുള്ള പ്രധാന ഭക്ഷ്യ വസ്തുക്കളുടെ കരുതല്‍ ശേഖരം ഉള്ളതായാണു റിപ്പോര്‍ട്ട്. അടിയന്തിര ഘട്ടങ്ങളില്‍ ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി വര്‍ദ്ധിപ്പിക്കുവാനും തീരുമാനം ആയിട്ടുണ്ട്. കുടിവെള്ള ശുദ്ധീകരണ ശാലയില്‍ ഉത്പാദനം കൂട്ടുവാനും ജല വൈദ്യുതി മന്ത്രാലയം നീക്കം നടത്തി വരികയാണ്.

സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിനും രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനും പാര്‍ലമെന്റിന്റെ പ്രത്യേക യോഗം ചേരുന്നതിന് എം.പി.മാര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ സൈനിക താവളങ്ങളില്‍ തിരിച്ചടിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് പ്രധാന യു.എസ്. താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന കുവൈത്ത് ഏറെ ആശങ്കയോടെയാണു നോക്കി കാണുന്നത്. ഇക്കാരണത്താല്‍ വരും ദിവസങ്ങളില്‍ രാജ്യത്ത് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണു സൂചന.