കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിമരുന്ന് കേസുകള്‍ വര്‍ധിക്കുന്നതായും കുട്ടികളുടെ ലഹരി ഉപയോഗത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കുവൈത്ത് നിയമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 2017-ലെ അവസാന മൂന്നു മാസം ഇതു സംബന്ധിച്ച് 354 കേസുകളാണ് കോടതിയിലെത്തിയത്.

2016 ല്‍ ഔദ്യോഗിക റിപ്പോര്‍ട്ടനുസരിച്ച് 2383 കേസുകളാണ് കോടതിയിലെത്തിയത്. ഇവയില്‍ 2283 കേസുകള്‍ക്കും ജീവപര്യന്ത ശിക്ഷയാണ് നടപ്പാക്കിയത്. മറ്റ് ക്രിമിനല്‍ കുറ്റങ്ങളേക്കാള്‍ ഏറെ കൂടുതലാണ് ലഹരിമരുന്ന് കേസുകള്‍.

2012 മുതല്‍ 2016 വരെ കാലയളവില്‍ ഇതു മൂലം 333 മരണവും 2017 സപ്തംബര്‍ വരെ 56 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കുവൈത്ത് കേന്ദ്ര നാര്‍ക്കോട്ടിക്ക് സെല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ബേദര്‍ അല്‍ ഗദൂരി അറിയിച്ചു.