കുവൈത്ത് സിറ്റി: വ്യത്യസ്ത കാരണങ്ങള്‍ നിരത്തി മന്ത്രിമാര്‍ക്കെതിരെ കുറ്റവിചാരണയ്ക്ക് എംപിമാര്‍ തയ്യാറാകുന്നു. തൊഴില്‍ സാമൂഹ്യവകുപ്പ് മന്ത്രി, ധനമന്ത്രി, എണ്ണമന്ത്രി, വാര്‍ത്താവിതരണമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ക്കെതിരെ കുറ്റവിചാരണ നോട്ടീസ് നല്‍കുന്നതിനാണ് എംപിമാരുടെ നീക്കം.

വിവിധ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍ക്കെതിരെ കുറ്റവിചാരണ നടത്തുന്നതിന് പകരം പ്രധാനമന്ത്രിയെ കുറ്റവിചാരണ നടത്തുന്നതിന് ആലോചിക്കണമെന്നാണ് മുതിര്‍ന്ന പാര്‍ലമെന്റംഗം വലീദ് അല്‍ അബ്തബായി എം.പിമാരോട് ആവശ്യപ്പെട്ടത്. എല്ലാ കാരണങ്ങളും ഉന്നയിച്ച് പ്രധാനമന്ത്രിയെതന്നെ കുറ്റവിചാരണ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് ചില എംപിമാരുടെ ആവശ്യം. എണ്ണമേഖലയിലുണ്ടായ തൊഴില്‍ നിയമനം സംബന്ധിച്ച ക്രമക്കേടുകള്‍ക്കെതിരെ പാര്‍ലമെന്റംഗം ഉമര്‍ അല്‍ അബ്തബായി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എണ്ണമന്ത്രി ഇസാം അള്‍ മര്‍സൂഖ് നല്‍കിയ മറുപടി കൃത്രിമമാണെന്നും അതിനാല്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ എണ്ണമന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ് നല്‍കുമെന്നും എംപി മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം രാജ്യത്ത് നടപ്പിലാക്കി വരുന്ന സ്വദേശി വത്കരണപ്രക്രിയയോട് ആത്മാര്‍ത്ഥമായ സമീപനമാണുള്ളതെങ്കില്‍ താഴെതട്ടിലുള്ള ടൈപ്പിസ്റ്റ്, ക്ലാര്‍ക്ക് തസ്തികകളല്ല മാറ്റം വരുത്തേണ്ടത്. മറിച്ച് ഉയര്‍ന്ന തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കേണ്ടതെന്നും എംപി വലീദ് അല്‍ തബ്തബായി ആവശ്യപ്പെട്ടു. മുതിര്‍ന്ന പാര്‍ലമെന്റംഗങ്ങളായ വലീദ് അള്‍ തബ്തബായി, നാസ്സര്‍ അല്‍ ദോസ്സരി, ഉമര്‍ അല്‍ തബ്തബായി, ജമാല്‍ അല്‍ ഹര്‍ബാഷ് എന്നിവരാണ് മന്ത്രിമാര്‍ക്കെതിരെ കുറ്റവിചാരണ നോട്ടീസിന് ഒരുങ്ങുന്നത്.