കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും നീളം കൂടിയ ഭീമന്‍ കുവൈത്ത് ദേശീയ പതാക ഗിന്നസ് ബുക്കില്‍ ഇടം തേടുന്നു. 2019 മീറ്റര്‍ നീളത്തില്‍ 4000 ത്തിലേറെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രയത്‌ന ഫലമായിട്ടാണ് പതാക തയ്യാറാവുന്നത്. 

ദേശീയ - വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 10 ന് രാവിലെയാണ് ഭീമന്‍ ദേശീയ പതാക ഉയര്‍ത്തുന്നത്. 

കുവൈത്ത് വിദ്യാഭ്യാസമന്ത്രി ഡോ.ഹാമിദ് അല്‍ ആസ്മിയുടെ നേതൃത്വത്തില്‍ മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസ മേഖലയുടെ സജീവ പങ്കാളിത്തത്തോടെ സബ്ഹാന്‍ ആഘോഷ മൈതാനിയില്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് നാസര്‍ അല്‍ സബാഹ്, കൂടാതെ ഗിന്നസ് ബുക്ക് വിധി കര്‍ത്താക്കളും ചടങ്ങില്‍ പങ്കെടുക്കും. 

രാജ്യത്തിന്റ 58-ാമത്തെ സ്വാതന്ത്ര്യ ദിനവും വിമോചനത്തിന്റ 28- ാമത്തെ വിമോചന ദിനവും, കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അധികാരത്തിലെത്തിയതിന്റ 13-ാമത് വാര്‍ഷികവും ഒരുമിക്കുന്ന ഈ വര്‍ഷം ഭീമന്‍ ദേശീയ പതാക ഒരുക്കുന്നതിന് തീരുമാനിച്ചതെന്ന് മുബാറക് അല്‍ കബീര്‍ വിദ്യഭ്യാസ മേഖല ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ദയഹാനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.