കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ആത്മാന്വേഷണത്തിന്റെ റമദാന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച റമദാന്‍ ക്യാമ്പയിന്‍ സമാപിച്ചു.  

ഈദ് ദിനത്തില്‍ ഓണ്‍ലൈനായി നടന്ന സമാപന പരിപാടിയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മനുഷ്യത്വരഹിതവും, നിഷ്ഠൂരവുമായ തേര്‍വാഴ്ചക്കിടയിലും പിറന്ന മണ്ണിന്റെ വീണ്ടെടുപ്പിനും, പുണ്യ ഗേഹമായ മസ്ജിദുല്‍ അഖ്‌സയുടെ മോചനത്തിനും വേണ്ടി വീറോടെ പോരാടുന്ന പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു.

വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാന്‍ ഹംസ ബാഖവി ഈദ് സന്ദേശം നല്‍കി. ഭൗതികമായ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും അല്ലാഹുവിന്റെ അടിമത്വത്തിലേക്കുള്ള പ്രയാണത്തിന്റെ പ്രഖ്യാപനമാണ് തക്ബീര്‍ ധ്വനികളിലൂടെ മുഴങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിജീവനത്തിന്റെ സന്ദേശം നല്‍കുന്ന ഈ ഈദ് സുദിനത്തില്‍ സ്രഷ്ടാവില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രതിസന്ധികളെ ക്രിയാത്മകമായി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ കരീം ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു.

റമദാന്‍ ക്യാമ്പയിനോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാമില്‍ ആതിഫ തസ്‌നീം, മുഹമ്മദ് നിഹാല്‍  എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ഹലീമതു സഅ'ദിയ്യ , മുഹമ്മദ് സനീര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, നുസ്‌റ തസ്‌നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ വിജയികളെ പ്രഖ്യാപിച്ചു.

മേഖല ഭാരവാഹികളായ ഹബീബ് കയ്യം (അബ്ബാസിയ), മുസ്തഫ പരപ്പനങ്ങാടി(സിറ്റി), അമീന്‍ മുസ്ലിയാര്‍ ചേകന്നൂര്‍ (ഫഹാഹീല്‍), അശ്‌റഫ് അന്‍വരി (ഫര്‍വാനിയ), അബ്ദു റഹീം ഹസനി (ഹവല്ലി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജന.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, സെക്രട്ടറി നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.