കുവൈത്ത് സിറ്റി: കുവൈത്തിലെ വനിതകളുടെ സംഘടനയായ വനിതാവേദി കുവൈത്ത് കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍  വച്ച് നടന്ന പരിപാടി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പി പി നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാന്ത ആര്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ടോളി തോമസ് സ്വാഗതവും, മേരി ആന്റണി കേരളപ്പിറവി സന്ദേശവും അവതരിപ്പിച്ചു. അനുശോചന പ്രമേയം സൂര്യ സുജിത്ത് അവതരിപ്പിച്ചു. കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റ ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി വനിതാവേദി കേന്ദ്ര കമ്മിറ്റി അംഗം വത്സ സാം പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്‍, ഐവ കുവൈറ്റ് പ്രസിഡന്റ് മഹ്ബൂബ അനീസും, നാഫൊ യെ പ്രതിനിധീകരിച്ച് ജയലക്ഷ്മിയും വനിതാവേദി അംഗങ്ങളും പങ്കെടുത്തു.

കുവൈത്തിലെ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു നടത്തിയ നാടന്‍ പാട്ടു മത്സരം വ്യത്യസ്തവും ഹൃദ്യവുമായ അനുഭവം കാണികള്‍ക്കു പകര്‍ന്നു. മത്സരത്തില്‍ നാഫോ കുവൈത്ത് ഒന്നാം സ്ഥാനവും വനിതാവേദി ഫര്‍വാനിയ എ രണ്ടാം സ്ഥാനവും, ഫര്‍വാനിയ ബി യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാമ അജിത്ത് നാടന്‍ പാട്ട് മത്സരത്തിന് നേതൃത്വം നല്‍കി.

പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്റ്റര്‍ അജിത് കുമാര്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സജി ജനാര്‍ദ്ദനന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. ദിപി മോള്‍ സുനില്‍ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.