തിരുവനന്തപുരം: കുവൈത്ത് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുവൈത്ത് കല ട്രസ്റ്റ് അനശ്വര കാഥികന്‍ വി സാംബശിവന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാംബശിവന്‍ സ്മാരക പുരസ്‌കാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനും ചലച്ചിത്ര-നാടക ഗാനരചയിതാവും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഏഴാചേരി രാമചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. മാനവ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും സങ്കടങ്ങളും വിശകലനം ചെയ്യുന്ന ഏഴാചേരിയുടെ രചനകള്‍ സാമൂഹ്യ പ്രതിബദ്ധത വായനക്കാരനെ ബോധ്യപ്പെടുത്തുന്നതാണ്. പുരോഗമന ആശയത്തിന് കരുത്തു പകരുന്ന ഏഴാചേരിയുടെ കൃതികള്‍ കവിതയെ ജനകീയമാകുന്നതില്‍ പ്രധാന പങ്കു വഹിച്ചുവെന്ന് തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2019 ജൂലൈ 21, ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോട്ടയം സഹകരണ സംഘത്തിന്റെ പൊന്‍കുന്നം വര്‍ക്കി ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.

കേരളത്തിലെ കലാ-സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനുവേണ്ടി 2000 മുതല്‍ കുവൈറ്റ് കല ട്രസ്റ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള ഈ പുരസ്‌കാരം. ഒഎന്‍വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവര്‍മ്മ, കെടാമംഗലം സദാനന്ദന്‍, കെ.പി.എ.സി സുലോചന, നിലമ്പൂര്‍ ആയിഷ, പി.കെ. മേദിനി, അനില്‍ നാഗേന്ദ്രന്‍, ശ്രീകുമാരന്‍ തമ്പി, പാലൊളി മുഹമ്മദ് കുട്ടി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്കാണ് മുമ്പ് കല ട്രസ്റ്റ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.

പ്രസ്തുത ചടങ്ങില്‍ വെച്ച് കുവൈത്ത് കല ട്രസ്റ്റ് എല്ലാ വര്‍ഷവും നല്‍കി വരുന്ന വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും നടക്കുന്നതായിരിക്കും. മലയാളം മീഡിയത്തില്‍ പഠിച്ച് ഉന്നത മാര്‍ക്കോടെ പത്താം തരത്തില്‍ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ കല ട്രസ്റ്റ് ചെയര്‍മാന്‍ എം വി ഗോവിന്ദന്‍, കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട്, എക്‌സിക്യുട്ടീവ് അംഗം ദിവാകരന്‍ വാര്യര്‍, കല കുവൈത്ത് ജനറല്‍ സെക്രട്ടറി ടികെ സൈജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.