കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് അംഗങ്ങളുടെ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ഷം തോറും നടത്തിവരാറുള്ള ഫുട്ബാള്‍ ടൂര്‍ണമെന്റ് സൂറ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്നു. കലയുടെ 67 യൂണിറ്റുകളെ പ്രതിനിധീകരിച്ചു 25 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. രാവിലെ 8 മണിക്ക് ആരംഭിച്ച മത്സരങ്ങള്‍ കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ, സെക്രട്ടറി മന്‍സൂര്‍ കുന്നത്തേരി എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം സെക്രട്ടറി നവീന്‍ എളയാവൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കലയുടെ പ്രസിഡന്റ് ആര്‍ നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ അരുണ്‍ നന്ദി പറഞ്ഞു. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സാല്‍മിയ അമ്മാന്‍ യൂണിറ്റ് ജേതാക്കളായി. മംഗഫ് ഈസ്റ്റ് യൂണിറ്റ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. ബെസ്‌ററ് ഗോള്‍കീപ്പറായി സാല്‍മിയ അമ്മാന്‍ യൂണിറ്റിലെ തല്‍ഹത്തും, ബെസ്‌ററ് ഡിഫെന്‍ഡറായി സാല്‍മിയ അമ്മാന്‍ യൂണിറ്റിലെ ഫാസിലും, മാന്‍ ഓഫ് ദി മാച്ച് ആയി മംഗഫ് ഈസ്റ്റ് യൂണിറ്റിലെ ഷെഹിന്‍ വി ഹനീഫും, ടോപ് സ്‌കോററായി മെഹബുള്ള യൂണിറ്റിലെ ശ്യാമും ബെസ്‌ററ് പ്ലെയറായി മംഗഫ് ഈസ്റ്റ് യൂണിറ്റിലെ ജിനീഷും തിരഞ്ഞെടുക്കപ്പെട്ടു. റഫറിമാര്‍ക്കുമുള്ള ഉപഹാരങ്ങള്‍ കലയുടെ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡന്റ് ആര്‍ നാഗനാഥന്‍ എന്നിവര്‍ വിതരണം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കല കുവൈത്ത് ഭാരവാഹികള്‍ വിതരണം ചെയ്തു. അരുണ്‍ കുമാര്‍ ചെയര്‍മാനായുള്ള സ്വാഗതസംഘം കമ്മിറ്റിയാണ് മത്സരങ്ങള്‍ക്ക്ക്ക് നേതൃത്വം നല്‍കിയത്.