കുവൈത്ത് സിറ്റി: കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് 2017-ല്‍ 34% വളര്‍ച്ച ഉണ്ടായതായി ധനമന്ത്രി അനസ് അല്‍ സബ അറിയിച്ചു. യൂറോമണി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.  ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നിക്ഷേപ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് 524 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപമാണ് നിലവിലുള്ളത്. 2016 മാര്‍ച്ച് വരെ 515 ബില്ല്യന്‍ ഡോളറായിരുന്നു ആസ്തി. 

രാജ്യത്തു നടപ്പാക്കിയ സാമ്പത്തിക നിയന്ത്രണത്തിന്റെ ഫലമായി സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിചുരുക്കിയതിനെ തുടര്‍ന്ന് 2016-2017 സാമ്പത്തിക വര്‍ഷം ഒരു ബില്ല്യന്‍ ദിനാറിന്റെ മിച്ചമുണ്ടായതായും ധനമന്ത്രി വെളിപ്പെടുത്തി. പ്രധാന വരുമാന സ്രോതസ്സായ എണ്ണ വരുമാനത്തിലുണ്ടായ ഇടിവ് നികത്തുന്നതിനാണ് ചെലവ് ചുരുക്കല്‍ അടക്കമുള്ള സാമ്പത്തിക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന വിഷന്‍ 2035 ന്റെ ഭാഗമായാണ് സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി എണ്ണ ഇതര വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനു സര്‍ക്കാര്‍ പ്രത്യേക പദ്ധതികളാരംഭിച്ചതായും ധനമന്ത്രി പറഞ്ഞു.