കുവൈത്ത്: സ്‌നേഹവും സൗഹൃദവും വളര്‍ത്താനും വികസിപ്പിക്കാനുമുള്ള സുവര്‍ണാവസരമാണ് ഈദുല്‍ ഫിത്തറെന്ന് യുവപണ്ഡിതന്‍ മുഹമ്മദ് അരിപ്ര സൂചിപ്പിച്ചു. കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഭിമുഖ്യത്തില്‍ സാല്‍മിയ അബ്ദുല്ല വുഐബ് മസ്ജിദില്‍ നടന്ന പെരുന്നാല്‍ ഖുതുബയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജഹ്‌റ മുഹ്തസിം പള്ളിയിലെ ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് മദനി നേതൃത്വം നല്‍കി. സബാഹിയ്യയിലെ മസ്ജിദ് ത്വിഫ്‌ലയില്‍ മുഹമ്മദ് ശരീഫ് അസ്ഹരിയും മഹ്ബൂലയിലെ നാസര്‍ സ്‌പോര്‍ട്‌സ് ക്യാമ്പ് മസ്ജിദില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങളും മംഗഫിലെ മസ്ജിദ് ഫാത്തിമ്മയില്‍ ഷമീമുള്ള സലഫിയും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി.