കുവൈത്ത്‌സിറ്റി: ജിസിസി അംഗ രാജ്യങ്ങളിലെ വിദേശികള്‍ 2016 ല്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത് 11 ബില്ല്യന്‍ ഡോളറാണെന്ന് ജിസിസി സെന്‍ട്രല്‍ സ്റ്റാറ്റിക്‌സ് വാര്‍ഷിക റിപ്പോര്‍ട്ട്. ഒന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയില്‍ വിദേശികളയച്ചത് 39 ബില്ല്യന്‍ ഡോളര്‍. തൊട്ടടുത്ത് യു.എ.ഇ. ആണ്. 32 ബില്ല്യന്‍ ഡോളര്‍.

കുവൈത്തിലെ വിദേശികളയച്ചത് 15 ബില്ല്യന്‍ ഡോളര്‍ അതായത് 5 ബില്ല്യന്‍ കുവൈത്ത് ദിനാര്‍. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ മൂന്നില്‍ രണ്ടും വിദേശികളാണ്. 29 ലക്ഷം വിദേശികളാണ് ഔദ്യോഗിക കണക്കുകളനുസരിച്ച് കുവൈത്തില്‍ തുടരുന്നത്. ഇവരില്‍ 19 ലക്ഷവും സര്‍ക്കാര്‍-പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി തൊഴില്‍ ചെയ്യുന്നു. വിദേശ ജനസംഖ്യയില്‍ പ്രമുഖ സ്ഥാനത്ത് ഇന്ത്യക്കാരാണ്്. അധികം താമസിയാതെ 10 ലക്ഷം കവിയുമെന്നാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കണക്കുകളനുസരിച്ച്.

കുവൈത്ത് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കണക്കുകളനുസരിച്ച് രാജ്യത്ത് സ്വദേശികളും വിദേശികളുമടക്കം 306,030 പേര്‍ സര്‍ക്കാര്‍-പൊതുമേഖലയില്‍ തൊഴില്‍ ചെയ്യുന്നു. 2017 ഡിസംബര്‍ വരെയുള്ള റിപ്പോര്‍ട്ടനുസരിച്ച് 2,26,269 സ്വദേശികളും(73%) 79,761 വിദേശികളുമാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്. ഇവരില്‍ 1,43,530 സ്വദേശി വനിതകളും 82,739 സ്വദേശി പുരുഷന്മാരും 39,822 വിദേശി വനിതകളും 39,939 വിദേശി പുരുഷന്മാരുമാണ്.

വിദ്യാഭ്യാസ മന്ത്രാലയത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ തൊഴില്‍ ചെയ്യുന്നത്, 1,13,492 പേര്‍. രണ്ടാം സ്ഥാനത്ത് ആരോഗ്യമന്ത്രാലയമാണ്, 63,178 പേര്‍. അതേസമയം സ്വകാര്യ തൊഴില്‍ മേഖലയിലെ തൊഴിലുകള്‍ 80 ശതമാനത്തിലേറെ കയ്യടക്കിയിരിക്കുന്നത് വിദേശികളാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് എല്ലാ മേഖലയില്‍നിന്നും വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് പാര്‍ലമെന്റംഗങ്ങളുടെ നീക്കം. 

2018 ല്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിനാണ് സര്‍ക്കാരും ആലോചിക്കുന്നത്. സര്‍ക്കാര്‍-പൊതുമേഖലയിലും സ്വകാര്യ മേഖലയിലും സമ്പൂര്‍ണ്ണ സ്വദേശിവത്കരണത്തിന്റെ പാതയിലാണ്. സര്‍ക്കാര്‍ ബജറ്റില്‍ വലിയൊരു തുക സ്വകാര്യമേഖലയില്‍ സ്വദേശി വത്കരണം നടപ്പിലാക്കുന്നതിനായി നീക്കിവെച്ചിരിക്കുകയാണ്. കൂടാതെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കായി പുതിയ തൊഴില്‍ നിയമം നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി തൊഴില്‍-സാമൂഹ്യ മന്ത്രി ഹിന്ദ് അല്‍-സബീഹ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ഒട്ടേറെ സ്വകാര്യസ്ഥാപനങ്ങള്‍ 2016 അവസാനത്തോടെ വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് തുടങ്ങി. കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനി പതിനായിരത്തോളം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. ഇവരില്‍ മൂവായിരത്തിലേറെ ഇന്ത്യക്കാര്‍  ഒന്നരവര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴിയുകയാണ്. പ്രശ്‌നപരിഹാരത്തിനായി അടുത്തയാഴ്ച്ച ഇന്ത്യയില്‍നിന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിംഗും ഉന്നത പ്രതിനിധി സംഘവും കുവൈത്തിലെത്തും.