കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്)ന്റെ പതിനാലാം പ്രവര്‍ത്തനവര്‍ഷത്തിന്റെ വാര്‍ഷികാഘോഷം 'കണ്ണൂര്‍ മഹോത്സവം 2019' നവംബര്‍ 8 ന് വൈകുന്നേരം 3 മണി മുതല്‍ കുവൈത്ത് യൂണിവേഴ്സിറ്റി, ഖാല്‍ദിയ്യ തീയേറ്ററില്‍ വെച്ച് നടത്തപ്പെടുന്നു.
മലയാള കലാരംഗത്തെ പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നടത്തുന്ന മ്യൂസിക്കല്‍ മെഗാഷോയില്‍, മലയാള സിനിമാ രംഗത്തെ യുവ പിന്നണി ഗായകന് കെ.എസ് ഹരിശങ്കര്‍, വയലിന് ആര്‍ട്ടിസ്റ്റ് രൂപ രേവതി, കീബോര്‍ഡ്/ ഗിറ്റാര്‍ ആര്‍ട്ടിസ്റ്റ് സുമേഷ് ആനന്ദ്,ഡ്രമ്മര്‍ ജാഫര്‍, മണ്മറഞ്ഞ അനുഗ്രഹീത ഗായകന് ശ്രീ കണ്ണൂര്‍ സലീമിന്റെ മക്കള്‍ സജില സലിം, സലീല്‍ സലിം, കോമഡി ഉത്സവം ഫെയിം രാജേഷ് അടിമാലി തുടങ്ങിയ കലാകാരന്മാര് ചേര്‍ന്ന് ഹാസ്യ-സംഗീത വിരുന്നൊരുക്കും.
കണ്ണൂരിന്റെ അഭിമാനങ്ങളായിരുന്ന സംഗീത കുലപതി, യശ്ശശരീനായ പത്മശ്രീ. കെ.രാഘവന് മാസ്റ്റര്‍ക്കും അന്തരിച്ച മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയ്ക്കുമുള്ള ഫോക്കിന്റെ സ്മരണാഞ്ജലി തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
കല,കായിക ,സാംസ്കാരിക ,കാര്‍ഷിക , ആരോഗ്യ, സന്നദ്ധപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ സമഗ്ര/മികച്ച സംഭാവന നല്കിയ കണ്ണൂര്‍ ജില്ലയിലെ മഹത് വ്യക്തികള്‍/സംഘടനകള്‍ എന്നിവര്‍ക്കു നല്കി വരുന്ന 25000 രൂപയും ശില്‍പ്പി കെ.കെ.ആര് വേങ്ങര രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പന്ത്രണ്ടാമത് ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് ചിത്രകാരന്, ചരിത്രകാരന്, ഫോട്ടോഗ്രാഫര്‍, പ്രാസംഗികന്, നിരൂപകന് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശസ്തനും നിരവധി ബഹുമതികള്‍ നേടുകയും ചെയ്ത കലകളുടെ കുലപതി കെ.കെ മാരാര്‍ എന്ന കൃഷ്ണകുമാര്‍ മാരാര്‍ക്കു വേദിയില്‍ കൈമാറും. ജൂറി അംഗങ്ങളായ കെ.കെ.ആര്.വേങ്ങര, ദിനകരന് കൊമ്പിലാത്ത്, ചന്ദ്രമോഹന് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വിജയേഷ്.കെ.വി (കണ്‍വീനര്‍), ജോസഫ് മാത്യു, രാജീവ്.എം.വി എന്നിവരാണ് അവാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കുവൈത്തിലെ കമ്മിറ്റി അംഗങ്ങള്‍.
ഫര്‍വാനിയ ഷെഫ് നൗഷാദ് ഹാളില്‍ വെച്ചു നടന്ന പത്രസമ്മേളനത്തില്‍ ഫോക്ക് പ്രസിഡന്റ് കെ ഓമനക്കുട്ടന്, ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി, ട്രഷറര്‍ വിനോജ് കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സലിം എം.എന്‍, വനിതാവേദി ചെയര്‍പേഴ്സണ്‍ ലീന സാബു, ജനറല്‍ കണ്‍വീനര്‍ സജിജ മഹേഷ്, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ വിജയേഷ്, മീഡിയ കണ്‍വീനര്‍ ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.