കുവൈത്ത് സിറ്റി: രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളില്‍ കുവൈത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫിഫ പിന്‍വലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഫിഫ പ്രസിഡന്റ് ജിയന്നി ഇന്‍ഫാന്റിനോ കുവൈത്ത് അധികൃതര്‍ക്ക് കൈമാറി. ബുധനാഴ്ച രാവിലെ കുവൈത്തിലെത്തിയ ഫിഫ പ്രസിഡന്റിനെ വിമാനത്താവളത്തില്‍ ദേശീയ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ അല്‍ ഗാനിമും മന്ത്രി ഖാലിദ് അല്‍ റൗദാനും ചേര്‍ന്ന് സ്വീകരിച്ചു.

പുതിയ കായികനിയമത്തിന് കുവൈത്ത് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് പിന്‍വലിച്ചത്. കായികമേഖലയില്‍ കുവൈത്ത് സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ചാണ് ഫിഫയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും കുവൈത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനാല്‍ കഴിഞ്ഞ ഒളിമ്പിക്‌സില്‍ കുവൈത്ത് കായിക താരങ്ങള്‍ക്ക് മത്സരിക്കാനായില്ല. രാജ്യാന്തര ഫുട്‌ബോള്‍ മത്സരങ്ങളില്‍നിന്നും കുവൈത്തിനെ മാറ്റി നിര്‍ത്തിയിരുന്നു.

കായിക സംഘടനകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കായികനിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു അന്താരാഷ്ട്ര കായിക സംഘടനകളുടെ പ്രധാന ആവശ്യം. കായിക സമിതികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ നിയം. സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമെങ്കിലും മറ്റ് ഇടപെടലുകള്‍ ഉണ്ടാവില്ല.