കുവൈത്ത് സിറ്റി:  കോവിഡ് വ്യാപനം ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍. കുവൈത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലയാളികള്‍ ഉള്‍പ്പെടെ 26 കോവിഡ് മരണവും 2438 പേര്‍ക്ക് കൂടി പുതിയതായി കൊറോണ രോഗം സ്ഥിതീകരിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതോടെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ അതീവ ജാഗ്രതയിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഇടത്താവളമാക്കി യാത്ര പുറപ്പെട്ട വിദേശികള്‍ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്.

കുവൈത്തില്‍ വിദേശികള്‍ക്ക് കര്‍ശനമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് യാത്ര പുറപ്പെട്ട നിരവധി മലയാളികള്‍ പ്രതിസന്ധിയിലായി. യാത്ര തുടരാനാവാതെ നിരവധി മലയാളികള്‍ മടങ്ങി. വിസ കാലാവധി കഴിഞ്ഞവരും തൊഴില്‍ സ്ഥാപനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാതെ പലര്‍ക്കും ജോലിയും താമസരേഖയും റദ്ദായി.

കുവൈത്തിലേക്കുള്ള വിദേശികളുടെ പ്രവേശന വിലക്ക് തുടരുമെന്നും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, നയതന്ത്ര പ്രതിനിധികള്‍ക്കും, കൂടാതെ സ്വദേശികളുടെ വീട്ടു വേലക്കാര്‍ക്കും മാത്രം പ്രവേശിക്കാമെന്നും കുവൈത്ത് ക്യാബിനറ്റ് അനുമതി നല്‍കി. ഇതോടെ വിസ കാലാവധി കഴിയാറായ നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തൊഴിലും വിസയും നഷ്ടമാകും.