കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വാക്‌സിന്‍ വിദേശികള്‍ക്കും സൗജന്യമായി നല്‍കുന്നതിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നീക്കങ്ങള്‍ ആരംഭിച്ചു.
2020 അവസാനത്തോടെയോ, 2021 ആദ്യ മാസങ്ങളിലോ ഇതിനാവശ്യമായ കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനാണ് നീക്കം. ഒരാള്‍ക്ക് രണ്ടു ഡോസ് എന്ന നിരക്കില്‍ 1.7 മില്യണ്‍ ഡോസ് മോഡേനയും, 3 മില്യണ്‍ ഡോസ് ഓക്‌സ്‌ഫോഡ്. അസ്ട്രാസിനെക്ക് വാക്‌സിനും ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രാഥമിക കരാറില്‍ ആരോഗ്യ മന്ത്രാലയം ഏര്‍പ്പെട്ടതായും വക്താവ് അറിയിച്ചു. യാതൊരു വിവേചനവുമില്ലാതെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുന്നതിനാണ് സര്‍ക്കാര്‍ നീക്കം.
90 ശതമാനം ഫലപ്രാപ്തി തെളിയിച്ച അമേരിക്കന്‍ കമ്പനിയുടെ ഫൈസര്‍ വാക്‌സിന്‍ രാജ്യത്തുളള എല്ലാവര്‍ക്കും യാതൊരു ഫീസും ഈടാക്കാതെ വിതരണം ചെയ്യുമെന്നാണ് പ്രാദേശിക പത്രവും റിപ്പോര്‍ട്ട് ചെയ്തത്.
മുതിര്‍ന്നവരും വിട്ടുമാറാത്ത രോഗങ്ങള്‍ ഉളളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യാഗസ്ഥര്‍, സ്വദേശികള്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.