കുവൈത്ത് സിറ്റി: വിദേശികള്‍ തിങ്ങി വസിക്കുന്ന പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യുവിന് സമ്മര്‍ദ്ദം ശക്തമാകുന്നു. 

ജലീബ് ശുയൂഖ്, ഫര്‍വാനിയ, മെഹ്ബൂല തുടങ്ങിയ ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

വിദേശികളുടെ ഇടയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് പുതിയ നീക്കങ്ങള്‍. രാജ്യത്ത് തുടക്കത്തില്‍ സ്വദേശികള്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ രോഗ ബാധിതരായ വിദേശികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ഇവരില്‍ പലരുടേയും അണുബാധയുടെ ഉറവിടം കണ്ടുപിടിക്കുവാന്‍ സാധിക്കാത്തതും ആരോഗ്യ മന്ത്രാലയത്തിന് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. 

വിദേശികള്‍ മാത്രം താമസിക്കുന്ന പ്രദേശങ്ങളില്‍ പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിക്കാനോ ലോക്ക് ഡൗണ്‍ പോലുള്ള നടപടികള്‍ സ്വീകരിക്കാനോ ഉള്ള സാധ്യത തള്ളിക്കളായാനാവില്ലെന്ന് പാര്‍ലിമെന്റ് അംഗം മുഹമ്മദ് അല്‍ ദല്ലാല്‍ പറഞ്ഞു. 

നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു, 
കഴിഞ്ഞ കുറേ ദിവസങ്ങളായി ഭാഗിക കര്‍ഫ്യൂവിന്റെ ഫലപ്രാപ്തിയെ വ്യക്തമായി ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് പൊതുജനങ്ങള്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Corona, Kuwait