കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം കുവൈത്തുമായി സഹകരിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് കുവൈത്ത് സംഘടിപ്പിച്ച ''ക്യാന്‍സറിനെ നന്നായി അറിയുക'' എന്ന ദശദിന കാന്‍സര്‍ ബോധവത്കരണ യജ്ഞത്തിന്റെ സമാപന സമ്മേളനം 2020 ഡിസംബര്‍ 11 ന് നടക്കും.
കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി എച്ച്.ഇ.സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ്, വെര്‍ച്വല്‍ മീഡിയയിലൂടെ ഫേസ്ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ ശാസ്ത്ര-സാങ്കേതിക ഭൗമശാസ്ത്ര മന്ത്രിയും ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനുമായ ഡോ.ഹര്‍ഷവര്‍ധന്‍ പ്രത്യേക സന്ദേശം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.
കുവൈത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടറും കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡോ.അലി അല്‍മുസവി മുഖ്യാതിഥിയായി സംബന്ധിക്കുന്ന സമാപന ചടങ്ങില്‍ പ്രശസ്ത കാന്‍സര്‍രോഗ വിദഗദ്ധനും കൊച്ചിന്‍ കാന്‍സര്‍ സൊസെറ്റിയുടെ സ്ഥാപകനുമായ ഡോ. വി.പി ഗംഗാധരന്‍ മുഖ്യ പ്രഭാഷണവും, മുന അലര്‍ഫാജ് ആശംസയുമര്‍പ്പിക്കും.
10 ദിവസത്തെ ബോധവല്‍ക്കരണ യജ്ഞത്തില്‍ പങ്കെടുത്ത സംഘടനകളെയും, ആരോഗ്യ ബോധവല്കരണം നടത്തിയ ഡോക്ടര്‍മാരെയും ചടങ്ങില്‍ ആദരിക്കുന്നതാണ്.