കുവൈത്ത് സിറ്റി: സന്നദ്ധ രക്തദാന രംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്ററിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ്. രക്തദാനപ്രചരണരംഗത്ത് കുവൈത്ത് സമൂഹത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. ലോകരക്തദാതൃ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് ബിഡികെ കുവൈത്ത് ടീം ആദരിക്കപ്പെട്ടത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ അഫയേഴ്‌സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഫവാസ് അല്‍ റിഫായ് യില്‍ നിന്നും ബിഡികെ കുവൈത്ത് ടീമിനെ പ്രതിനിധീകരിച്ച് കോര്‍ഡിനേറ്റര്‍മാരായ പ്രശാന്ത് കൊയിലാണ്ടി, ശരത് കാട്ടൂര്‍, രമേശന്‍, ജയ് കൃഷ്ണന്‍ എന്നിവര്‍ പ്രശസ്തിഫലകം ഏറ്റുവാങ്ങി. 2018-2019 കാലയളവില്‍ ബിഡികെ കുവൈത്ത് ടീം നടത്തിയ പ്രവര്‍ത്തനങ്ങളെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ.റീം അല്‍-റൗദാന്‍ ചടങ്ങില്‍ എടുത്തു പറഞ്ഞു. പ്രസ്തുത കാലയളവില്‍ 1400 യൂണിറ്റ് രക്തവും, 200 യൂണിറ്റ് പ്ലേറ്റ്‌ലറ്റും സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലേക്ക് നല്‍കുവാന്‍ ബിഡികെക്ക് കഴിഞ്ഞിട്ടുണ്ട്. ബ്ലഡ് ബാങ്കിനകത്തും, പുറത്തുമായി 14 രക്തദാനക്യാമ്പുകള്‍ വിവിധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പിക്കുവാനും ബിഡികെക്ക് കഴിഞ്ഞിട്ടുണ്ട്.

2011 ല്‍ വിനോദ് ഭാസ്‌കരന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കേരളത്തില്‍ രൂപം നല്‍കിയ ഈ നവമാധ്യമ കൂട്ടായ്മ; ഇന്ന് സന്നദ്ധ രക്തദാന പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ സജീവമാണ്. കുവൈത്തില്‍ മാത്രം അന്‍പതോളം മുഴുവന്‍ സമയ കോര്‍ഡിനേറ്റര്‍മാരും, നാലായിരത്തോളം രജിസ്റ്റര്‍ ചെയ്ത രക്തദാതാക്കളും സേവനത്തിന് സജ്ജരാണ്.

ബിഡികെ കുവൈത്തിന് ലഭിച്ച ഈ അംഗീകാരം കുവൈത്തിലെയും, ബിഡികെയുടെ മറ്റ് ഘടകങ്ങളിലെയും, എല്ലാ രക്തദാതാക്കള്‍ക്കും രക്തദാന പ്രവര്‍ത്തകര്‍ക്കുമായി സമര്‍പ്പിക്കുന്നു.