കുവൈത്ത് സിറ്റി: കുവൈത്ത് തൊഴില്‍ നിയമം ലംഘിച്ച അഞ്ച് അധ്യാപകരും കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറുമാണ് പിടിയിലായത്. കുവൈത്ത് തെഴില്‍ സാമൂഹ്യമന്ത്രാലയം തൊഴില്‍ പരിശോധന വിഭാഗം മേധാവി മുഹമ്മദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സ്വകാര്യമായി ട്യൂഷന്‍ എടുക്കുന്ന അധ്യാപകരുടെ പ്രവണതയ്ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ നീക്കങ്ങളാരംഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തലസ്ഥാന ഗവര്‍ണറേറ്റിലെ നിരവധി കഫേകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഈ അക്കാദമിക് വര്‍ഷത്തെ ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ത്ഥികളില്‍ നിന്നും പണം ഈടാക്കി അധ്യാപകര്‍ ട്യൂഷന്‍ നല്‍കിവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
മണിക്കൂറിന് 20 കുവൈത്ത് ദിനാര്‍ മുതല്‍ 40 ദിനാര്‍ വരെ ഈടാക്കിയാണ് അനധികൃതമായി സ്വകാര്യ ട്യൂഷന്‍ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.