കുവൈത്ത് സിറ്റി:  പൊതുമാപ്പ് ഏപ്രില്‍ 22-ന്  അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിനും പിഴയടച്ച് താമസരേഖ നിയമ വിധേയമാക്കുന്നതിനും അവസരം നല്‍കി ജനുവരി 22 നാണു രാജ്യത്ത്  പൊതുമാപ്പ് പ്രഖ്യാപിച്ചത്.  

എന്നാല്‍ ഒന്നര ലക്ഷത്തിലേറെ വരുന്ന അനധികൃത താമസക്കാരില്‍ 52,000 പേരാണു ഇതുവരെ അവസരം പ്രയോജനപ്പെടുത്തിയത്. 32,000 പേര്‍ രാജ്യം വിടുകയും 20,000 പേര്‍ പിഴയടച്ചു താമസരേഖ നിയമവിധേയമാക്കുകയും ചെയ്തു. 1.20 കോടി ദിനാറാണു സര്‍ക്കാരിനു പിഴയായി ലഭിച്ചത്.

രാജ്യത്ത് 32,000 ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായി ഉണ്ടായിരുന്നത്. ഇവരില്‍ 10,500 പേരാണു എംബസി വഴി ഔട്ട് പാസ് വാങ്ങിയത്. 2500 ഓളം പേര്‍ സ്വന്തം പാസ്പോര്‍ട്ട് വഴി രാജ്യം വിടുകയും അയ്യാരിത്തോളം പേര്‍ താമസരേഖ നിയമവിധേയമാക്കുകയും ചെയ്തു.

അതേസമയം, പൊതുമാപ്പ് കാലാവധി കഴിയുന്ന മുറക്ക് രാജ്യത്ത് ശക്തമായ തിരച്ചില്‍ ആരംഭിക്കുമെന്ന്  ആഭ്യന്തര മന്ത്രാലയം  അറിയിച്ചു. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് അല്‍ സബ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് വിദേശികള്‍ക്കായി പൊതുമാപ്പ് ആനുകൂല്യം പ്രഖ്യാപിച്ചത്.