കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ നഷ്ടമായി രാജ്യം വിട്ടവരില്‍ ഇന്ത്യക്കാര്‍ മുന്നില്‍. 2021 ആദ്യ ക്വാര്‍ട്ടറില്‍ 21,341 ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ടു രാജ്യം വിട്ടതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇന്ത്യ കഴിഞ്ഞാല്‍ തൊട്ടടുത്തു ഈജിപ്തുകാരാണ് 11,135 പേര്‍, മൂന്നാമത് ബംഗ്ലാദേശുകാരാണ്- 6,136 പേര്‍

കുവൈത്ത് ലേബര്‍ മാര്‍ക്കറ്റ് സിസ്റ്റം കണക്കുകള്‍ അനുസരിച്ചാണ് 17,398  ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ 67,809 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി രാജ്യം വിട്ടുപോയി.
ഇവരില്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളാണ് മുന്നില്‍.വലിയ ശതമാനവും ഇന്ത്യക്കാരാണ് രാജ്യം വിട്ടു പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്വകാര്യ മേഖലയില്‍ നിന്നുമാണ് ഇത്രയധികം വിദേശ തൊഴിലാളികള്‍ക്ക് 2021 ആദ്യ മൂന്നു മാസത്തിനിടയില്‍ തൊഴില്‍ നഷ്ടമായത്.അതേസമയം ഗാര്‍ഹിക മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്കാണ് 2021 ല്‍ ആദ്യ മൂന്നു മാസം തൊഴില്‍ നഷ്ടമായത്.

17,398  ഗാര്‍ഹിക തൊഴിലാളികളില്‍ 10,169 പേരും ഇന്ത്യക്കാരാണ്.തൊട്ടടുത്തു ഫിലിപ്പിന്‍സ്  2,543 പേര്‍. രാജ്യത്ത് ശേഷിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ 6,51,265  പേരാണെന്നും ഇവരില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവരാണ്.