കുവൈത്ത്‌സിറ്റി: പ്രവാസികളുടെ മനസുകളിലേക്ക് തണുത്ത കാറ്റു വീശിയ മനുഷ്യ സ്‌നേഹിയെ ഗള്‍ഫ് മലയാളികള്‍ അനുസ്മരിക്കുന്നു. 1997-ല്‍ കേന്ദ്ര മന്ത്രിയായിരിക്കുമ്പോഴാണ് ഗള്‍ഫ് മലയാളികളെ കാണാന്‍ അദ്ദേഹം എത്തിയത്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് കുവൈത്തില്‍ എത്തിയത്. അന്ന് ഞങ്ങള്‍ ചില പത്രപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പെട്ടെന്നൊരു സ്വീകരണ യോഗം സംഘടിപ്പിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സ്. സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച പ്രവാസികളുടെ ആകുലതകളും പരാതികളും പരിഭവങ്ങളും സഹിഷ്ണതയോടെ കാതോര്‍ത്ത ശേഷം രണ്ടു മണിക്കൂറിലേറെ നീണ്ട പ്രഭാഷണം. ഗംഗാ പ്രവാഹം പോലെ ആരോഹണ അവരോഹണ ക്രമത്തില്‍ പ്രവാസികളുടെ മനസുകളില്‍ ആശ്വാസത്തിന്റെ ഒരു കുളിര്‍ കാറ്റായി. പ്രവാസികളുടെ മനസുകളില്‍ ഇന്നും ജീവിക്കുന്ന ഓര്‍മകളാണ്. പിന്നീട് പലപ്പോഴും അദ്ദേഹം ഗള്‍ഫില്‍ എത്തി. പ്രവാസികളുടെ വേദനകള്‍ക്ക് സാന്ത്വനമായി. 

ഗള്‍ഫ് യുദ്ധത്തില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കഥകളും സ്ഥലങ്ങളും കണ്ടറിഞ്ഞു. നെടുവീര്‍പ്പുകളോടെയാണ് ഗള്‍ഫ് യുദ്ധത്തിന്റെ ജീവിക്കുന്ന അടയാളമായ ഇറാഖിലെ ബാലന്‍ അലിയുടെ കഥ കേട്ടത്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അലിയുടെ ചിത്രങ്ങള്‍ കാണിക്കുമ്പോള്‍ ആ കണ്ണുകളിലുണ്ടായ ഉത്കണ്ഠയുടെ തീ നാളം ഇന്നും ഓര്‍ക്കുന്നു. കരയുന്ന, വേദനിക്കുന്ന മനുഷ്യരെ കുറിച്ചായിരുന്നു എന്നും അദ്ദേഹം ചിന്തിച്ചിരുന്നത്. യാത്രകളില്‍ എന്നും കൗതുകം കണ്ടിരുന്ന ആ മനസ് ഇറാഖ് അതിര്‍ത്തിയില്‍ യുദ്ധം നടന്ന പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യരെ കുറിച്ചായിരുന്നു അന്വേഷിച്ചത്. അവിടെ കണ്ട വൃദ്ധരായ അറബികളോട് സംസാരിക്കാനും മറന്നില്ല. 

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മരുഭൂമിയിലൂടെയുള്ള യാത്രകള്‍. ഏതാനും ദിവസങ്ങള്‍ അദ്ദേഹത്തോടൊപ്പം മരുഭൂമിയിലും നാട്ടിലും ഒപ്പം ഉണ്ടായിരുന്നു. യോഗങ്ങളിലും ചര്‍ച്ചകളിലും പങ്കുചേര്‍ന്നു. ഒരിക്കല്‍ പോലും ആരോടും ദേഷ്യം പ്രകടിപ്പിച്ചിട്ടില്ല. അതിനെല്ലാം ഉപരിയായ സന്യാസത്തിന്റെ തലത്തിലേക്കുയര്‍ന്ന വിനയവും പുഞ്ചിരിയുമായിരുന്നു എപ്പോഴും.

അവസാനമായി കോഴിക്കോട് ആശുപത്രിയില്‍ കാണുമ്പോഴും ആ കണ്ണുകളിലെ പ്രകാശം സ്വന്തമെന്ന പദത്തിന് അര്‍ത്ഥം നല്‍കിയിരുന്നു. ഗുരുനാഥന്റെയും പിതാവിന്റെയും സ്ഥാനമാണ് സ്‌നേഹിക്കുന്നവര്‍ക്ക് അദ്ദേഹം  നല്‍കിയത്. സ്വന്തം ചിറകിനുള്ളില്‍ സംരക്ഷണവും നല്‍കി. ആശുപത്രി കിടക്കയിലും അദ്ദേഹം പ്രവാസികളുടെ കാര്യങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. പ്രവാസികള്‍ക്ക് വേണ്ടി പാര്‍ലമെന്റിലും രാജ്യസഭയിലും നിലക്കാത്ത ശബ്ദം ഒടുവില്‍ നഷ്ടമായി.

Content Highlights: M. P. Veerendra Kumar Remembered