കുവൈത്ത്: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍, ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗ്ലോബല്‍  പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗല്‍ സെല്ലിനായി  ഹര്‍ജി  സമര്‍പ്പിച്ചത്. 

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കൂടി ധനസഹായം നല്‍കുക, കോവിഡ് മഹാമാരി മൂലം വിദേശത്ത് മരണപ്പെട്ട  ഇന്ത്യന്‍ പ്രവാസികളുടെ കണക്കുകള്‍ കൃത്യമായി ശേഖരിച്ച് തുടര്‍ നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ വിദേശത്തുള്ള  ഇന്ത്യന്‍ നയതന്ത്ര മിഷനുകള്‍ക്ക്  നിര്‍ദേശം നല്‍കുക,കോവിഡ് മഹാമാരി മൂലം വിദേശത്ത് മാതാപിതാക്കള്‍ മരണപ്പെട്ട  പ്രവാസികളുടെ ഇന്ത്യക്കാരായ  കുട്ടികള്‍ക്ക് പി.എം കെയര്‍ ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുക എന്നീ വിഷയങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. 

ജൂലൈ ആദ്യ വാരത്തില്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷന്‍ കൂടിയായ  പ്രധാനമന്ത്രി, മെംബര്‍ സെക്രട്ടറി എന്നിവര്‍ക്ക്  പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡണ്ട്  അഡ്വ. ജോസ് അബ്രഹാം, ഗ്ലോബല്‍ വക്താവ് ബാബു ഫ്രാന്‍സീസ് എന്നിവര്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചിരുന്നു. 

സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീര്‍ന്നിട്ടും  പ്രവാസികള്‍ക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട  അധികാരികളില്‍ നിന്ന് വൈകുന്നതിനാലും, ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ ചോദ്യമുയര്‍ത്തിയ സാഹചര്യത്തില്‍ നല്‍കിയ മറുപടിയില്‍ വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കണക്കില്‍ വ്യക്തതയില്ലെന്ന പൊതു അഭിപ്രായം പ്രവാസ ലോകത്ത് ഉയര്‍ന്നു വന്ന സാഹചര്യത്തിലുമാണ് പ്രവാസി ലീഗല്‍ സെല്‍ ഇപ്പോള്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.