കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹ് ഇറാഖിൽ എത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
മേഖലയിൽ അമേരിക്കയും ഇറാനുമായുള്ള സംഘർഷം അനുദിനം കൂടിവരുന്നതിനിടയിലാണ് കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ ഇറാഖ് സന്ദർശനമെന്ന പ്രത്യേകതയുമുണ്ട്.
ബുധനാഴ്ച കാലത്ത് ബഗ്ദാദിൽ എത്തിയ അമീറിനെയും പ്രതിനിധി സംഘത്തെയും ഇറാഖ് പ്രസിഡന്റ് ബർഹാൻ അൽ സാലിഹ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സ്വീകരിച്ചു.
പിന്നീട് ഇറാഖ് പ്രസിഡന്റുമായി അമീർ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സാഹോദര്യ ബന്ധങ്ങൾ ഇരു നേതാക്കളും അനുസ്മരിച്ചു.
മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും അന്തർ ദേശീയ വിഷയങ്ങളും ചർച്ചയിൽ വിഷയമായി. ഇരുരാജ്യങ്ങങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും ഇരു നേതാക്കളും ഏടുത്തു പറഞ്ഞു.
1990-ൽ ഇറാഖ് കുവൈത്തിൽ അധിനിവേശം നടത്തിയതിനുശേഷം 2012-ൽ ആണ് കുവൈത്ത് അമീർ ഇറാഖ് സന്ദർശിച്ചത്. ഇതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു.
അതേസമയം മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണി ചെറുക്കുന്നതിനു കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് ഇറാഖിന്റെ സഹകരണം അനിവാര്യമാണ്. അതുകൊണ്ട് കുവൈത്ത് അമീറിന്റെ ഇറാഖ് സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.