തൃശ്ശൂര്‍: കുവൈത്തില്‍ വ്യവസായിയായ മുഹമ്മദ് ജൗഫറിന്റെ മനസ്സുനിറയെ കേരളമാണ്. മലയാളിയായ പിതാവിന്റെ വേരുകള്‍ കണ്ടെത്താനാണ് മനസ്സ് കേരളക്കരയില്‍ അലയുന്നത്. മൂന്ന് കാര്യങ്ങള്‍ മാത്രമാണ് പിതാവിന്റെ കേരളബന്ധത്തെപ്പറ്റി ജൗഫറിന് അറിയുക. പേര് അബ്ദുല്‍ഖാദര്‍ എന്നാണ്. അദ്ദേഹത്തിന്റെ ബാപ്പയുടെ പേര് അബ്ദുള്‍റഹ്‌മാനെന്നാണ്. ആനപ്പറമ്പില്‍ എന്നാണ് വീട്ടുപേര്.

അരനൂറ്റാണ്ടുമുമ്പ് ഇരുപതാമത്തെ വയസ്സില്‍ വീട്ടുകാരോട് പിണങ്ങി മീന്‍പിടിത്തബോട്ടില്‍ കയറി ശ്രീലങ്കയിലെത്തിയതാണ് അബ്ദുല്‍ഖാദര്‍. പിന്നീട് അവിടെ സ്ഥിരതാമസമാക്കി. തമിഴ്വംശജയായ സഫിയയെ വിവാഹം കഴിച്ച് ശ്രീലങ്കയിലെ പുത്തലം എന്ന സ്ഥലത്ത് താമസമാക്കി. ഒരിക്കല്‍പോലും കേരളത്തിലേക്ക് മടങ്ങിയിട്ടില്ലാത്ത അബ്ദുള്‍ഖാദര്‍ 35 വര്‍ഷംമുന്പ് മരിച്ചു.

അന്ന് കുഞ്ഞായിരുന്ന ഇളയമകന്‍ ജൗഫറിന് പിതാവിന്റെ കുടുംബത്തെ കണ്ടെത്താനുള്ള ആഗ്രഹം മൂന്നുവര്‍ഷംമുന്പ് തുടങ്ങിയതാണ്.

മൂന്നുവര്‍ഷംമുന്പാണ് മാതാവ് സഫിയ മരിച്ചത്. അപ്പോഴാണ് പിതാവിന്റെ കുടുംബത്തെ കണ്ടെത്തണമെന്ന മോഹം തുടങ്ങിയത്. പലതവണ ഇതിനായി കേരളത്തിലെത്തി. പലവഴിക്കും ശ്രമിച്ചിട്ടും കണ്ടെത്താനായില്ല.

ശ്രീലങ്കക്കാരനായതിനാല്‍ പലരും സഹായിക്കാന്‍ മടിച്ചു. പിതാവിന്റെ കുടുംബം കണ്ടെത്തി ഓഹരി വാങ്ങാനെത്തിയതാണോയെന്ന് കരുതിയും പലരും സഹായിച്ചില്ല.

കുവൈത്തില്‍ ഒരു സ്‌കൂളിന്റെ ഓഹരിപങ്കാളിയും 30 ബസുകളുള്ള കമ്പനിയുടെ ഉടമയുമാണ് നാല്‍പ്പതുകാരനായ മുഹമ്മദ് ജൗഫര്‍. അബ്ദുല്‍ അസീസ്, അബ്ദുല്‍ഫൗസി, റിസന എന്നീ സഹോദരങ്ങളും നല്ലനിലയിലാണ് കഴിയുന്നത്.

• അബ്ദുല്‍ഖാദര്‍, മുഹമ്മദ് ജൗഫര്‍