കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിലുള്ള സ്വദേശി - വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരവുമായി പാര്‍ലമെന്ററി മാനവ വിഭവ ശേഷി വികസന സമിതി. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിലവിലുള്ള അസന്തുലിതാവസ്ഥ ജനസംഖ്യാനുപാതകമായി പരിഹരിച്ചു സ്വദേശി വത്കരണത്തിന് ഊന്നല്‍ നല്‍കുന്നതിനാണ് ലക്ഷ്യമെന്നും സമിതി മേധാവി ഖലീല്‍ അല്‍ സലേഹ് എംപി അറിയിച്ചു.
നിലവിലെ രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്. രാജ്യത്ത് തുടരുന്ന വിദേശികളില്‍ ഏകദേശം പത്തു ലക്ഷത്തോളം പേരെ ഒഴിവാക്കി, വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയമുള്ള വിദേശികളെ മാത്രം നിലനിര്‍ത്തുന്നതാണ് പദ്ധതി. താമസ-കുടിയേറ്റ നിയമം ലംഘകരായ ഒരു ലക്ഷത്തിലേറെ വിദേശികള്‍ രാജ്യത്ത് തുടരുന്നുണ്ട്. ഇവരെ കണ്ടെത്തി നാട് കടത്തും. കൂടാതെ സര്‍ക്കാറിന്റെ കരാര്‍ പദ്ധതികളില്‍ തൊഴില്‍ ചെയ്യുന്നവരെ കാലാവധി കഴിയുന്നതോടെ മടക്കി അയക്കും.
വിദേശ ജനസംഖ്യയില്‍ മുന്‍ പന്തിയിലുള്ള സമൂഹങ്ങള്‍ക്കായി നിശ്ചിത ക്വാട്ട സമ്പ്രദായം നടപ്പിലാക്കാനും ആലോചിക്കുന്നു. 1.4 ദശലക്ഷം വരുന്ന കുവൈറ്റ് ജനസംഖ്യക്ക് ആനുപാതകമായ ഒരു ശതമാന നിരക്കായിരിക്കണം നിലവില്‍ വിദേശ ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള രാജ്യക്കാര്‍ക്കും അനുവദിക്കുക.
സര്‍ക്കാര്‍ ജോലിയിലും സര്‍ക്കാര്‍ കരാര്‍ ജോലിയിലും സ്വദേശികളെ മാത്രം നിയമിക്കുക, കരാര്‍ ജോലിക്കാരെ കാലാവധി കഴിയുന്നതോടെ മടക്കി അയക്കുക, അവിദഗ്ദ തൊഴിലാളികളെ ഒഴിവാക്കി ബിരുദധാരികളെ മാത്രം പരിഗണിക്കുകതുടങ്ങിയ കടുത്ത നടപടികളിലേക്കാണ് സമിതിയുടെ നീക്കം. പദ്ധതി നടപ്പിലാവുകയാണെങ്കില്‍ നിലവില്‍ വിദേശ ജനസംഖ്യയില്‍ മഹാഭൂരിപക്ഷമായി തുടരുന്ന ഇന്ത്യക്കാരില്‍ 8 ലക്ഷത്തോളം പേരെ ഒഴിവാക്കേണ്ടി വരും. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.
Contrnt Highlights: Kuwait wants to bring down migrant population from 70% to 30%