കുവൈത്ത് സിറ്റി: വിദേശികളെ ആകര്‍ഷിക്കുന്നതിന് കുവൈത്തില്‍ വിസ ചട്ടങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. പരമാവധി വിദേശ സന്ദര്‍ശകരെ രാജ്യത്ത് എത്തിച്ച് കൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വ് നല്‍കുന്ന വിവിധ പദ്ധതികളാണു മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. 

രാജ്യത്തെ വിദേശികളുടെ എണ്ണം കുറക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നതിനിടയിലാണു വിദേശികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന പുതിയ നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നത്.

രാജ്യത്തെ വിദേശികളുടെ എണ്ണം കുറക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലന്റിലടക്കം ചര്‍ച്ച നടന്നിരുന്നു. ഇതിനിടെയാണ് കൂടുതല്‍ വിദേശികളെ രാജ്യത്ത് എത്തിക്കുന്നതിനു താമസ നിയമങ്ങളില്‍ സമഗ്രമായ അഴിച്ചു പണി നടത്താന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നത്. ഇതുപ്രകാരം കച്ചവട ആവശ്യങ്ങള്‍ക്ക് എത്തുന്ന വിദേശികള്‍ക്ക് ഒരു വര്‍ഷത്തെ മള്‍ടിപ്പിള്‍ പ്രവേശന വിസ അനുവദിക്കും.

നിലവില്‍ രാജ്യത്ത് താമസക്കാരല്ലാത്ത വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളില്‍ പഠന സൗകര്യം ഒരുക്കുവാനും പഠനാനന്തരം ഇവര്‍ക്ക് കുവൈത്തില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കുവാനും നിര്‍ദ്ദേശത്തില്‍ സൂചിപ്പിക്കുന്നു.

ഇതിനു പുറമെ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലേക്ക് ചികില്‍സ തേടിയെത്തുന്ന രീതിയില്‍ സ്വകാര്യ മേഖലയില്‍ അന്താരാഷ്ട്ര ഗുണമേന്മയിലുള്ള ചികില്‍സാ സംവിധാനം സ്ഥാപിക്കുവാനും നിര്‍ദ്ദേശമുണ്ട്. ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹ് അംഗീകാരം നല്‍കിയ നിയമത്തിന്റെ കരട് രൂപം നിയമകാര്യ സമിതിയുടെയും തുടര്‍ന്ന് മന്ത്രി സഭയുടെയും അംഗീകാരത്തിനു സമര്‍പ്പിക്കുമെന്ന് താമസ വിഭാഗം ഡയരക്ടര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി വ്യക്തമാക്കി.

വിദേശികളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക് ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കുന്നത് സംബന്ധിച്ച വാര്‍ത്തകളില്‍ പരിഭ്രാന്തതാരക്കേണ്ടതില്ലെന്നും നിയമപരവും ഭരണഘടനാപരവുമായ അംഗീകാരം ലഭിച്ചാല്‍ മാത്രമേ വദ്ധനവ് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും അദ്ധേഹം കൂട്ടി ചേര്‍ത്തു.