കുവൈത്ത്‌സിറ്റി: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. കൃത്യമായ വ്യവസ്ഥകള്‍ തയ്യാറാക്കി, ക്രമീകരണങ്ങള്‍ വിമാന താവളത്തില്‍ ഒരുക്കിയശേഷം ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

മന്ത്രിസഭ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും നേരിട്ട് കുവൈത്തിലേക്ക് വിമാന സര്‍വിസിന് വ്യോമയാന വകുപ്പ് അനുമതി നല്‍കിയത്. നേരത്തെ മന്ത്രിസഭ പ്രഖ്യാപനം വന്നിരുന്നെങ്കിലും വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങാത്തതിനാല്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നില്ല.

കൊറോണ എമര്‍ജന്‍സി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായി  വാക്‌സിന്‍ സ്വീകരിച്ചിരിക്കണം, 72 മണിക്കൂര്‍ സമയപരിധിയില്‍ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് തെളിയിക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദിഷ്ട ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് ഗ്രീന്‍ സിഗ്‌നല്‍ സ്വന്തമാക്കുക, ഹോം ക്വാറന്റീന്‍ അനുഷ്ഠിക്കുക തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍. കര്‍ശനമായ നിബന്ധനകളോടെ ആയിരിക്കും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുക.