കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കാനും ഒരു മാസത്തിനകം എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കാനും നീക്കം. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും ഒരു മാസത്തിനകം വാക്സിന്‍ നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു.

അതേസമയം നിലവില്‍ 70 ശതമാനം പേര്‍ക്കും കുത്തിവെപ്പ് പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തിനകം രാജ്യത്ത് എല്ലാവര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തുന്നവര്‍ അപ്പോയ്‌മെന്റ് സമയം പാലിക്കാത്തതിനാലാണ് ചില കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെടുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ ഷെഡ്യൂള്‍ ചെയ്തു നല്‍കിയ സമയത്തേക്കാള്‍ വളരെ നേരത്തേ കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ എത്തുന്നതാണ് നീണ്ട നിര രൂപപ്പെടാന്‍ കാരണമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

Content Highlights: Kuwait to vaccinate 100 per cent of those registered within a month