കുവൈത്ത് സിറ്റി: ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് കുവൈത്ത് കൂടുതല്‍ കര്‍ശനമാക്കി. ഇന്ത്യയില്‍നിന്നുള്ള നഴ്സുമാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാനുണ്ടായിരുന്ന അനുമതിയും റദ്ദാക്കി.

ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ മറ്റൊരുരാജ്യത്ത് രണ്ടാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം എന്നതാണ് പുതിയ വ്യവസ്ഥ.

എന്നാല്‍, ഒട്ടുമിക്ക ജി.സി.സി. രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ അതിനുള്ള സാധ്യതയുമില്ല.

കുവൈത്ത് നേരത്തേതന്നെ വിദേശികളുടെ പ്രവേശനം വിലക്കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ കുറേമാസങ്ങളായി നഴ്സുമാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. ആ അനുമതിയും റദ്ദാക്കിയാണ് കുവൈത്ത് ഭരണകൂടം പുതിയ ഉത്തരവിറക്കിയത്.

ഒട്ടേറെ നഴ്സുമാര്‍ കുവൈത്തില്‍നിന്ന് അവധിക്ക് കേരളത്തില്‍ എത്തിയിട്ടുണ്ട്. അത്തരക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി.

ബഹ്റൈനില്‍ യാത്രാനിബന്ധനകള്‍ 27 മുതല്‍ മാറും

ദുബായ്: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബഹ്റൈനില്‍ യാത്രാനിബന്ധനകളില്‍ മാറ്റംവരുന്നു. ഏപ്രില്‍ 27 മുതല്‍ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും 48 മണിക്കൂറിനകമുള്ള ആര്‍.ടി.പി.സി.ആര്‍. ഫലം നിര്‍ബന്ധമാക്കി. ഇന്ത്യയില്‍നിന്ന് നേരിട്ടെത്തുന്ന യാത്രികര്‍ക്കും ഇന്ത്യയിലൂടെ ട്രാന്‍സിറ്റ് യാത്രികരായി എത്തുന്നവര്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. പരിശോധനാഫലത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ അവയില്‍ ക്യൂ.ആര്‍. കോഡ് ഉള്‍പ്പെടുത്തിയിരിക്കണം. പ്രിന്റ് രൂപത്തിലായിരിക്കണം ഫലങ്ങള്‍ ഹാജരാക്കേണ്ടത്. ആറുവയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും നിബന്ധന ബാധകമാണ്. ബഹ്റൈനില്‍ എത്തിയാലുടന്‍ വിമാനത്താവളത്തില്‍വെച്ച് വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും. ഇന്ത്യക്കുപുറമേ പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികരും നടപടി പാലിക്കണം. മറ്റു യാത്രാനിബന്ധനകള്‍ തുടരുന്നതായും അധികൃതര്‍ വ്യക്തമാക്കി. 27 മുതല്‍ ഇന്ത്യയില്‍നിന്നുള്ളവരുടെ യാത്രാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുന്നതായി ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയും അറിയിച്ചിട്ടുണ്ട്.

എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടപടി കടുപ്പിച്ചതോടെ ഖത്തറിലും ആശങ്ക പടരുന്നു. ഖത്തറിലും ബഹ്റൈനിലും മാത്രമാണ് നിലവില്‍ ഇന്ത്യക്കാരെ നിബന്ധനകളോടെ അനുവദിക്കുന്നത്.

നിലവില്‍ ഞായറാഴ്ചമുതല്‍ എല്ലാ യാത്രക്കാര്‍ക്കും ഖത്തര്‍ പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.