കുവൈത്ത് സിറ്റി : കുവൈത്തിന്റെ സര്‍വ്വ പിന്തുണയും പലസ്തീന് ഉണ്ടാകുമെന്ന് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇസ്തയ്യിഹിന് കുവൈത്തിലെ ബയാന്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ചാണ് കുവൈത്ത് അമീര്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

കുവൈത്ത് പ്രധാന മന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ്, ഉപ പ്രധാനമന്ത്രിമാരായ ഷേയ്ഖ് ഹാമദ് ജാബര്‍ അല്‍ അലി അല്‍ സബാഹ്, അബ്ദുള്ള അല്‍ റൂമി, വിദേശകാര്യ മന്ത്രി ഷേയ്ഖ് ഡോ.അഹ്മദ് നാസ്സര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഇസ്തിയിഹിനെ വിമാനത്താവളത്തില്‍  സ്വീകരിച്ചു.

ഇസ്രായേല്‍ അതിക്രമം അവസാനിപ്പിച്ച ഉടനെയുള്ള പലസ്തീന്‍ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കാണുന്നത്. പലസ്തീന് ഉറച്ച പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് എന്നും കുവൈത്ത്.

യൂ എന്നിലും അന്താരാഷ്ട്ര വേദികളിലും പലസ്തീന് നീതി ഉറപ്പാക്കണമെന്ന് ലോക രാജ്യങ്ങളോട് കുവൈത്ത് ആവശ്യപ്പെട്ടിരുന്നു.