കുവൈറ്റ് : കുവൈത്ത് പ്രവാസികളുടെ ക്രിക്കറ്റ് മാമാങ്കമായ റോയല്‍സ് ഡെസേര്‍ട് ചാമ്പ്യന്‍സ് സീസണ്‍ 3-ഇല്‍ കരുത്തരായ യൂസഫ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി റൈസിംഗ് സ്റ്റാര്‍ സി സി കുവൈറ്റ് കപ്പ് നേടി.ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ യൂസഫ് ക്രിക്കറ്റ് ക്ലബ് റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിനെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു.

റൈസിങ് സ്റ്റാര്‍ സി.സി. കുവൈത്ത് 2 വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടി. 68 പന്തില്‍ 143 റണ്‍സ് എടുത്ത നദീം നടു ആണ് ഫൈനലിലെ താരം. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജയേഷ് കൊട്ടോളയുമായി ചേര്‍ന്ന് 223 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചത്. 263 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ യൂസഫ് ക്രിക്കറ്റ് ക്ലബിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

കുവൈറ്റിലെ 10 പ്രഗത്ഭ ടീമുകള്‍ പങ്കെടുത്ത ടൂര്‍മമെന്റ് കുവൈറ്റ് റോയല്‍സ് ക്രിക്കറ്റ് ക്ലബ് മാനേജര്‍ രവിരാജ് ഷെട്ടി ഉദ്ഘാടനം ചെയ്തു.പരസ്പര സ്‌നേഹബന്ധങ്ങള്‍ക്ക്  കരുത്തു പകരാനും നാടിന്റെ ഐക്യം പ്രവാസലോകത്തും തനിമയോടെ നില നിര്‍ത്താന്‍ ഇത്തരം കായിക മത്സരങ്ങള്‍ ശക്തി പകരുമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. റോയല്‍സ് ക്രിക്കറ്റ് ക്ലബ് സംഘാടകന്‍ രവി രാജ് അധ്യക്ഷത വഹിച്ചു.

വിജയികള്‍ക്കുള്ള ട്രോഫിയും കാശ് പ്രൈസും അപ്പാരല്‍ ഹീറോസ് സിസി ക്യാപ്റ്റന്‍ ഉദയ് കുമാര്‍ സമ്മാനിച്ചു. ടൂര്‍ണമെന്റിലെ ബെസ്റ്റ് ബാറ്റസ്മാന്‍ ആയി റൈസിംഗ് സ്റ്റാര്‍ സി സി കുവൈറ്റിലെ നദീം നാടുവിനെയും, ബെസ്റ്റ് ബൗളര്‍ ആയി ശുഐബ് ബി തിരഞ്ഞെടുത്തു.