കുവൈത്ത് സിറ്റി: ക്യാന്‍സര്‍ ചികിത്സക്ക് വിധേയയായ കുവൈത്തി വനിതക്കാണ് അത്യപൂര്‍വ്വമായ ബോംബെ രക്തഗ്രൂപ്പില്‍ പെട്ട പ്രവാസി യുവാവ് രക്തദാനം നടത്തിയത്.
രക്തദാനരംഗത്തെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഇടപെടലിലൂടെയാണ് കുവൈത്തില്‍ വീണ്ടും അപൂര്‍വ്വരക്തദാനത്തിന് വഴി തെളിഞ്ഞത്. തമിഴ്‌നാട് ദിണ്ഡികല്‍ സ്വദേശി സദം പാണ്ഡ്യനാണ് ഇന്നലെ വൈകുന്നേരം ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ എത്തി രക്തം നല്‍കിയത്.
സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ നിലവിലെ കണക്കുകളനുസരിച്ച് കുവൈത്തില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ അപൂര്‍വ്വ രക്തം ഉള്ളത്. അതില്‍ പെട്ട ഒരാളിന്റെ ചികിത്സാര്‍ത്ഥം രക്തം ആവശ്യം വന്നതിനെ തുടര്‍ന്നാണ് ബ്ലഡ് ബാങ്ക് അധികൃതര്‍ ബിഡികെ യുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. തുടര്‍ന്ന് ബിഡികെ പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി തന്നെ ദാതാവിനെ അദാന്‍ ബ്ലഡ് ബാങ്കില്‍ എത്തിച്ച് സാമ്പിള്‍ നല്‍കുകയും, തിങ്കളാഴ്ച രാത്രി 8 മണിയോടെ ജാബ്രിയ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്യുകയുമായിരുന്നു. മൂന്നാമത്തെ ആളിന് ഭാരക്കുറവു മൂലം രക്തദാനം നടത്തുവാന്‍ സാധിക്കാത്തതിനാല്‍, രണ്ട് റെഡ് സെല്‍ ട്രാന്‍സ്ഫ്യൂഷനുകള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ഡബിള്‍ ആര്‍ ബി സി രീതിയിലുള്ള രക്തദാനമാണ് സദം നടത്തിയത്. അതായത് ഒരൊറ്റ രക്തദാനത്തിലൂടെ രണ്ട് രോഗികള്‍ക്ക് ജീവന്‍ രക്ഷിക്കാനുള്ള ചികിത്സ നേടാന്‍ സഹായിക്കും.
2018 മുതല്‍ കുവൈത്തില്‍ പ്രവാസിയായ സദം പാണ്ഡ്യന്‍ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ബിഡികെയില്‍ അംഗമാകുന്നത്. കുവൈത്തിലെത്തുന്നതിന് മുമ്പ് 3 തവണ ഇന്ത്യയിലും ഇദ്ദേഹം രക്തം ദാനം ചെയ്തിട്ടുണ്ട്.
മുമ്പ് 2017 നവംബറിലും മംഗലാപുരം സ്വദേശിനിയായ യുവതിക്കു പ്രസവ ശസ്ത്രക്രിയക്കായി രാജ്യാന്തര ഇടപെടലുകളിലൂടെ നിധീഷ് രഘുനാഥ് എന്ന ബോംബെ രക്ത ഗ്രൂപ്പില്‍ പെട്ട ദാതാവിനെ ഖത്തറില്‍ നിന്നും ബിഡികെ ഖത്തര്‍, കുവൈറ്റ് ഘടകങ്ങള്‍ സംയുത്മായി നടത്തിയ നീക്കങ്ങളിലൂടെ യുദ്ധകാലാടിസ്ഥാനത്തില്‍ കുവൈത്തിലെത്തിച്ച് രക്തദാനം നടത്തിയിരുന്നു.
എ,ബി,ഒ എന്നിവയാണ് ലോകത്ത് പൊതുവില്‍ കണ്ടുവരുന്ന രക്തഗ്രൂപ്പുകള്‍. എന്നാല്‍ അപൂര്‍വ്വമായ രക്തഗ്രൂപ്പുകളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ് 1952ല്‍ മുംബൈയിലാണ് ഇത് കണ്ടെത്തിയത്. 10ലക്ഷം ആളുകള്‍ക്ക് ഇടയില്‍ 4 പേര്‍ക്കാണ് ഈ ബ്ലഡ് ഗ്രൂപ്പ് കാണുക എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും സജീവമായ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ പക്കല്‍ അപൂര്‍വ്വയിനം രക്തഗ്രൂപ്പ് ദാതാക്കളുടെ ഡാറ്റാ ബാങ്ക് ലഭ്യമാണ്.