കുവൈത്ത്‌സിറ്റി: കുവൈത്തില്‍ അനധികൃത കടിയേറ്റക്കാര്‍ക്കായുള്ള പരിശോധന ശക്തമാക്കി. വിദേശികള്‍ തിങ്ങി താമസിക്കുന്ന ജെലീബ് ഷുയുഖ്, ഹസ്സാവി, അബ്ബാസ്സിയ പ്രദേശങ്ങളില്‍ വ്യാപക പരിശോധന ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫാറാജ് അല്‍ സൂബ്ബിയുടെ നിര്‍ദേശമനുസരിച്ചു പ്രദേശത്തു തുടരുന്ന എല്ലാവിധ അനധികൃത ഇടപാടുകളും തുടച്ചു നീക്കുന്നതിനാണ് സുരക്ഷാ അധികൃതരുടെ നീക്കം.

ഇതനുസരിച്ചു പ്രദേശത്തു പോലീസ് നടത്തിയ നിരവധി അനധികൃത കുടിയേറ്റക്കാര്‍ പിടിയിലായി. കൂടാതെ അനധികൃത പാര്‍പ്പിടങ്ങളിലും പോലീസ് റെയ്ഡ് നടത്തി അനധികൃതമായി സൂക്ഷിച്ചിരുന്ന വസ്തുക്കളും പിടിച്ചെടുത്തു. കര്‍ശനമായ പരിശോധന നടത്തി അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കുന്നതിനാണ് നീക്കം. പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും കര്‍ശനമായ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈത്ത് ആഭ്യന്തര മന്ത്രി ഷേയ്ഖ് താമര്‍ അല്‍ അലിയുടെയും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്.ജനറല്‍ ഈസ്സാം അല്‍ നഹാമിന്റെയും നിര്‍ദേശമനുസരിച്ചാണ് കുവൈത്ത് മുനിസിപ്പലിറ്റിയുടെ സാഹകരണത്തോടെ നടപടി ആരംഭിച്ചതെന്നും അല്‍ സോബി വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Content Highlights: Kuwait police conduct raid for catching illegal residents