കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ പാസ്പോർട്ടിൽ താമസരേഖ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കി. മാർച്ച് 10 മുതൽ പാസ്പോർട്ടിൽ ഇക്കാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തിൽ ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതാണ് നിർത്തലാക്കിയത്. തുടർന്ന് മറ്റ് വിദേശികളുടെ പാസ്പോർട്ടിലും സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും.

അതേസമയം രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ താമസരേഖ പുതുക്കുന്നതിനുള്ള അപേക്ഷ ഇനിമുതൽ ഓൺലൈൻ വഴിയാകും സ്വീകരിക്കുക.

രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനും അകത്തേയ്ക്ക് വരുന്നതിനും വിദേശികൾ പാസ്പോർട്ട് നമ്പർ ഉൾപ്പെടെ ചേർത്തിട്ടുള്ള സിവിൽ ഐ.ഡി. കാർഡ് കൈവശം കരുതണം. അല്ലാത്ത പക്ഷം രാജ്യത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പുതിയ സിവിൽ ഐ.ഡി. കാർഡിൽ താമസരേഖാവിവരങ്ങൾ അടങ്ങിയിരിക്കും.

ഇക്കാമ പുതുക്കുന്നതിനുള്ള പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് മുൻപായി പാസ്പോർട്ടിലെയും ഇഖാമയിലെയും പേരിലെ പൊരുത്തക്കേട് മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ ഖാദർ അൽ ശബാൻ വിദേശികളോട് ആവശ്യപ്പെട്ടു. വിവിധ മേഖലകളിലുള്ള താമസാനുമതികാര്യ വിഭാഗം ഓഫീസുകളിലാണ് അപേക്ഷ നൽകേണ്ടത്.

ഒറിജിനൽ പാസ്പോർട്ട്, അതിന്റെ ഫോട്ടോകോപ്പി, പേരിലെ വ്യത്യാസം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ എന്നിവയും ഒപ്പം വെക്കണം.