കുവൈത്ത് സിറ്റി:  ഇന്ത്യക്ക് കുവൈത്ത് നല്‍കി വരുന്ന മെഡിക്കല്‍ സഹായം വളരെ വിലപ്പെട്ടതാണെന്നു കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഇതുവരെ കുവൈത്തില്‍ നിന്നും 2882 ഓക്‌സിജന്‍ സിലിണ്ടറുകളം, 215 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജിനും,66 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും,11 വെന്റിലേറ്ററുകളും നിരവധി ഔഷധങ്ങളും ഇന്ത്യയിലേക്ക് അയച്ചതായി സ്ഥാനപതി അറിയിച്ചു.

ഇന്ത്യയിലെ കോവിഡ് സാഹചര്യവും വിദേശ സഹായങ്ങളും' എന്ന വിഷയത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു  സ്ഥാനപതി സിബി ജോര്‍ജ്. ഇന്ത്യയിലെയും കുവൈത്തിലെയും കോവിഡ് സാഹചര്യങ്ങളും എംബസിയുടെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ്കാല പ്രവര്‍ത്തനങ്ങളും സ്ഥാനപതി വിശദീകരിച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യക്ക് കുവൈത്ത് സര്‍ക്കാര്‍ നല്‍കി വരുന്ന സഹായങ്ങള്‍  വളരെ വിലപ്പെട്ടതാണെന്നും   സ്ഥാനപതി പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍  ഇരു രാജ്യങ്ങളും പരസ്പരം കൈകോര്‍ക്കുന്ന ചരിത്രമാണുള്ളത്. കോവിഡ് പ്രതിസന്ധിയില്‍ സഹായ വാഗ്ദാനവുമായി ആദ്യം എത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്നും സ്ഥാനപതി ഊന്നിപറഞ്ഞു.