കുവൈത്ത് സിറ്റി : കുവൈത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികള്‍ക്ക് വിസ മറ്റൊരു സ്‌പോണ്‍സറിലേക്ക് മാറ്റുന്നതിന് അനുമതി. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് 375-2021 മാന്‍ പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയാണ് നല്‍കിയത്. ഇതോടെ മുമ്പ് വിസ മാറ്റത്തിനു മൂന്നു വര്‍ഷം വേണ്ടിയിരുന്നത് ഇപ്പോള്‍ ഒരു വര്‍ഷമായി കുറച്ചിരിക്കയാണ്. ഇതനുസരിച്ചു നിലവിലുള്ള സ്‌പോണ്‍സറുടെ അനുമതി കൂടാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് വിസ മാറ്റുന്നതിന് അവസരം ഒരുക്കുകയാണ്.

പബ്ലിക് അറ്റോറീട്ടിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചു വിസ മാറ്റാവുന്നതാണ് എന്നും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തൊഴിലാളികള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് എന്നും അല്‍ മൂസ വിശദീകരിച്ചു. മലയാളികളടക്കം നിരവധി വിദേശ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്.