കുവൈത്ത് സിറ്റി :  അഭ്യൂഹങ്ങള്‍ വിശ്വസിക്കാതെ കൃത്യത ഉറപ്പ് വരുത്തി കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഒന്നിക്കണമെന്ന് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആഹ്വാനം ചെയ്തു.

റമദാന്റെ അവസാന പത്തു ദിവസത്തിന്റെ ഭാഗമായി റമദാന്‍ സന്ദേശം പങ്ക് വക്കുന്നതിനിടയിലാണ്,രാജ്യം നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി മറി കടക്കുന്നതിനു കോവിഡ് പ്രതിരോധ മുന്‍ നിര പടയാളികള്‍ക്കൊപ്പം എല്ലാവരും ഒന്നിക്കണമെന്നും അണിനിരക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടത്.

ലോക ജനതയെ ഭീഷണിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയിരിക്കുന്ന അതീവ ഗൗരവമേറിയ പശ്ചാത്തലത്തില്‍ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു കൃത്യത മനസ്സിലാക്കി ജനങ്ങള്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമയും പാലിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

അതോടൊപ്പം രാജ്യത്തിന്റെ കെട്ടുറപ്പും ജനങ്ങളുടെ ഐക്യവും, ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും പരമ പ്രധാനമാണെന്നും അതിനായി ദേശീയ ഐക്യവും സമാധാനവും മുന്നില്‍ കണ്ടു എല്ലാവരും ഒരുമിക്കേണ്ട സാഹചര്യമാണെന്ന് അമീര്‍ ഓര്‍മ്മപ്പെടുത്തി.