കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഇന്ത്യക്കുള്ള മെഡിക്കല്‍ സഹായവുമായി കുവൈത്ത് സൈനിക വിമാനങ്ങള്‍ പുറപ്പെട്ടു. കുവൈത്ത് റെഡ് ക്രെസെന്റ് സൊസൈറ്റി ശേഖരിച്ച മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഇന്ത്യയില്‍ എത്തിയതായി ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസ്സിം അല്‍ നജീം കുവൈത്ത് ന്യൂസ് ഏജന്‍സിയെ അറിയിച്ചു.

ഇന്ത്യയില്‍ അതി രൂക്ഷമായി കൊണ്ടിരിക്കുന്ന കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇന്ത്യക്ക് മെഡിക്കല്‍ സഹായം എത്തിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്.

കുവൈത്തില്‍ നിന്നും പുറപ്പെട്ട ആദ്യ സൈനിക വിമാനത്തില്‍ 40 ടണ്‍ മെഡിക്കല്‍ സഹായമാണ് ഇന്ത്യയില്‍ എത്തിച്ചത്. കുവൈത്തും ഇന്ത്യയും തമ്മില്‍ തുടരുന്ന ശക്തമായ നയതന്ത്ര ബന്ധത്തിന്റെ തുടുര്‍ച്ചയായിട്ടാണ് ഇന്ത്യയില്‍ മെഡിക്കല്‍ സഹായം എത്തിക്കുന്നത് എന്നും ഇന്ത്യയില്‍ കുവൈത്ത് സ്ഥാനപതി അഭിപ്രായപെട്ടു.